പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടി തുടർന്ന് ജില്ലാ പോലീസ്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം കാപ്പ പ്രകാരം ജില്ലയിൽ നടപടികൾ ശക്തമായി തുടർന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ്. നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ച് ഈവഷം ഇതുവരെ 9 പേരെ ജയിലിൽ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവായി. ഇതിൽ 8 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. കൂടാതെ വകുപ്പ് 15 പ്രകാരം മേഖലാ ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് 7 കുറ്റവാളികളെ നാടുകടത്തുകയും ചെയ്തു. ഇതിൽ രണ്ടുപേർ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവിനെ ആറു മാസത്തേക്ക് നാടുകടത്തിയതും അടൂർ പറക്കോട് സ്വദേശിയെ ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ജയിലിൽ അടച്ചതും ഏറ്റവും ഒടുവിലെ നടപടികളാണ്. ഈവർഷം മേയ് 18 ലെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി പുറപ്പെടുവിപ്പിക്കപ്പെട്ട ഡി ഐ ജിയുടെ ഉത്തരവനുസരിച്ച് വള്ളിക്കോട് മണിമല കിഴക്കേതിൽ ബിനുവിന്റെ മകൻ ആരോമൽ (21) ആണ് നാടുകടത്തപ്പെട്ടത്. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട മൂന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. കൂടാതെ, കോന്നിയിലെ ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടുണ്ട്. കാപ്പ വകുപ്പ് 15(1) പ്രകാരമാണ് നാടുകടത്തൽ ഉത്തരവ്.വകുപ്പ് 2(p) പ്രകാരം അറിയപ്പെടുന്ന റൗഡി ലിസ്റ്റിൽ പെടുന്നയാളാണ് പ്രതി. 2020 മുതൽ അടിപിടി, വധശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, വീടുകയറി ആക്രമണം, വാഹനം നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾ, സമൂഹത്തിന്റെ സാമാനജീവിതത്തിന് ഭംഗം വരുത്തുകയും ഭയം സൃഷ്ടിക്കുകയും ചെയ്യുന്നയാളാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ബന്ധപ്പെട്ട എസ് എച്ച് ഒമാരുടെ റിപ്പോർട്ടുകൾ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ മുഖാന്തിരം ജില്ലാ പോലീസ് മേധാവിക്ക് ലഭ്യമാക്കുകയും, അത് പരിശോധിച്ച ശേഷം ഡി ഐ ജിക്ക് നടപടിക്ക് ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലക്ക് പുറത്തേക്ക് നാടുകടത്തിയത്. കോടതി കാര്യങ്ങളിലും, അടുത്ത ബന്ധുക്കളുടെ ഒഴിവാക്കാനാവാത്ത മരണം, വിവഹം തുടങ്ങിയ ചടങ്ങുകളിൽ ജില്ലാ പോലീസ് മേധാവിയുടെ രേഖമൂലമുള്ള മുൻകൂർ അനുമതി വാങ്ങി പങ്കെടുക്കാം. നാടുകടത്തിപ്പെട്ട കാലയളവിൽ താമസിക്കുന്ന പുതിയ മേൽവിലാസം ഡി ഐ ജി, ജില്ലാ പോലീസ് മേധാവി, താമസസ്ഥലത്തെ പോലീസ് സ്റ്റേഷൻ എന്നിങ്ങനെ അറിയിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.