ഇലന്തൂര്‍ ഗവ. കോളജിന്റേയും കോഴഞ്ചേരി പാലത്തിന്റേയും പത്തനംതിട്ട കോടതി സമുച്ഛയത്തിന്റെയും സ്ഥലമേറ്റെടുപ്പ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഇലന്തൂര്‍ ഗവ. കോളജ് ഹൈസ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വലിയ ബുദ്ധിമുട്ടുകള്‍ അവിടെ നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെ കോളജിനായുള്ള സ്ഥലമേറ്റെടുപ്പ് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം.
പത്തനംതിട്ട വില്ലേജിന്റെ റീസര്‍വേ നടപടികള്‍ വേഗം പൂര്‍ത്തിയാക്കണം. റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ക്കായി നിയോഗിച്ചിരുന്ന ജീവനക്കാരെ ഇതിനായി തിരികെ കൊണ്ടുവരണം. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനു സമീപം ബസ് സ്റ്റോപ്പിനോടു ചേര്‍ന്ന് മാടക്കട പ്രവര്‍ത്തിക്കുന്നത് അവിടെ ബസ് കാത്തിരിക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത് ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ പൊതുമരാമത്ത് നിരത്തു വിഭാഗം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും, മറ്റ് വകുപ്പുകളും ചെയ്യേണ്ട പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ കുളിക്കടവ് ഇടിഞ്ഞു കിടക്കുന്നത് അടിയന്തിരമായി കെട്ടണം. അടൂര്‍ ബൈപ്പാസില്‍ വട്ടത്രപ്പടി ജംഗ്ഷനിലെ വളവ് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അപകടാവസ്ഥ പരിഹരിക്കുന്നതിന് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പഴകുളം ജംഗ്ഷനില്‍ പടിഞ്ഞാറു ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം കിട്ടുന്നില്ല. ഇതിനു പരിഹാരം കാണണം. കരിങ്ങാലി പുഞ്ചയില്‍ കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യം ഒരുക്കണം. ഇതിനോട് ചേര്‍ന്ന തോട് നവീകരിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടൂര്‍ ബൈപ്പാസില്‍ വിരിച്ച ടൈലിന് മുകളില്‍ കാടുകയറിയത് നീക്കണം. അടൂര്‍ ഇരട്ടപ്പാലത്തിന്റെ അവസാനവട്ട പ്രവൃത്തികള്‍ ഈമാസം 30ന് അകം പൂര്‍ത്തീകരിക്കണം.
അടൂര്‍, പള്ളിക്കല്‍, ഏറത്ത്, പന്തളം, പന്തളം തെക്കേക്കര, ഏഴംകുളം എന്നിവിടങ്ങളില്‍ കാട്ടുപന്നി ശല്യം വര്‍ധിക്കുകയാണ്. പന്നി ശല്യം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊടുമണ്‍ പ്ലാന്റേഷനിലെ കാട് തെളിക്കാന്‍ വേണ്ട നടപടികളും പ്ലാന്റേഷനിലുള്ള പന്നികള്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. മുല്ലോട്ട് ഡാം നവീകരണം നടത്തണം. പള്ളിയ്ക്കലെ കോളനിയിലെ കുടിവെള്ള പ്രശ്നം അടിയന്തര സ്വഭാവത്തില്‍ പരിഹരിക്കണം. കൊടുമണ്‍ – ചിറണിക്കല്‍-പറക്കോട് റോഡിലെ പൈപ്പ് വാട്ടര്‍ അതോറിറ്റി എത്രയും വേഗത്തില്‍ മാറ്റിയിടണം. പന്തളം പഴയ വില്ലേജ് ഓഫീസ് വൃത്തിയാക്കണം. ചേരിക്കല്‍ റോഡ് ഉയര്‍ത്തണം. ഏഴംകുളം പ്ലാന്റേഷന് റോഡിലെ പാലം പണി പൂര്‍ത്തിയാക്കണം. ഏനാത്ത്- മണ്ണടി റോഡിലെ അപകടാവസ്ഥ പരിഹരിക്കണം. അടൂര്‍ മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട ഫയലില്‍ നടപടി സ്വീകരിക്കുന്നതിന് കാലതാമസമുണ്ടായത് പരിശോധിക്കണം. എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.