പത്തനംതിട്ട : കോവിഡ് കാലത്ത് ചാരായം വാറ്റിയ കേസിലെ ഒളിവിലായിരുന്ന രണ്ടുപ്രതികളിൽ ഒരാളെ ഒന്നേകാൽ വർഷത്തിന് ശേഷം പോലീസ് പിടികൂടി. ഇലവുംതിട്ട മെഴുവേലി ആലക്കോട് ഒറ്റപ്ലാമൂട്ടിൽ മേലേതിൽ ശശിയുടെ മകൻ കുഞ്ഞായി എന്ന് വിളിക്കുന്ന സുനീഷ് (30) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വർഷം മേയ് 31 ന് ആലക്കോട്ട് 240 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചകേസിലാണ് ഇപ്പോൾ അറസ്റ്റ്. സംഭവശേഷം പ്രതികൾ സ്ഥലം വിട്ടിരുന്നു, കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. പോലീസ് പല സ്ഥലങ്ങളിലും പ്രതികൾക്കായി തിരച്ചിൽ നടത്തിയിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. ജില്ലാ പോലീസ് മേധാവിയുടെ നിർദേശമനുസരിച്ച്, പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി നേതൃത്വം കൊടുത്ത സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ച അന്വേഷണസംഘം സുനീഷ് ആലക്കോട് കനാൽ പാലത്തിന് സമീപമെത്തിയ രഹസ്യവിവരം അറിഞ്ഞു മഫ്തിയിലെത്തിയപ്പോൾ പോലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചു ഏറെ ദൂരം ഓടിച്ചിട്ട് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. 2021 ൽ അന്നത്തെ എസ് ഐ ആയിരുന്ന സുനിൽ വി ആയിരുന്നു കേസെടുത്തത്. 2017 ൽ ഭാര്യയെ കനാലിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചതിന് പന്തളം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നതും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതുമാണ്. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐമാരായ ശശികുമാർ, വിഷ്ണു, എ എസ് ഐ വിനോദ് കുമാർ, എസ് സി പി ഓമാരായ സന്തോഷ്, ധനൂപ്, റെജിൻ, മനോജ്, സി പി ഓമാരായ രാജേഷ്, ആഷർ മാത്യു, അനിൽ കുമാർ, സച്ചിൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതിക്കായി തെരച്ചിൽ തുടരുന്നു.