ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വരുന്ന നാലേകാല്‍ വര്‍ഷത്തിനുള്ളില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 30 വയസിന് മുകളിലുള്ളവരുടെ കണക്ക് ശേഖരിച്ച് വീടുകള്‍തോറും കയറി ജീവിതശൈലീ രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടവരുടെ വിവരം ശേഖരിച്ച് രോഗത്തിന്റെ തോത് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. ജീവിതശൈലി രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടവര്‍ക്ക് ബോധവല്‍ക്കരണവും, വ്യായാമവും, മറ്റ് ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാന്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുകയാണ്. ആര്‍ദ്രം മിഷനുകീഴില്‍ ആരോഗ്യ മേഖലയില്‍ ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കിവരുകയാണ്.
ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആര്‍ദ്രം മിഷന്റെ കീഴില്‍ പ്രാഥമിക അരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായവയുടെ പ്രഖ്യാപനം ഉടന്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ആരോഗ്യ മേഖലയുടെ മികവിനായി കേഡര്‍ സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും. സ്‌പെഷ്യാലിറ്റി കേഡര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, അഡ്മിനിട്രേറ്റീവ്, പബ്ലിക്ക് ഹെല്‍ത്ത് എന്നീ നാല് മേഖലകളിലാണ് കേഡര്‍ സംവിധാന മികവില്‍ മുന്നേറുക.
മെഡിക്കല്‍ കോളജുകളില്‍ ലഭ്യമായിട്ടുള്ള സേവനങ്ങള്‍ എല്ലാ ജില്ലകളിലെയും ജനറല്‍ ആശുപത്രി പോലെയുള്ള പ്രധാന ആശുപത്രികളില്‍കൂടി ക്രമീകരിക്കുന്നതിനായി 10 ഇനങ്ങളില്‍ ഫോക്കസ് ചെയ്തുള്ള നവകേരളം ആര്‍ദ്രം മിഷന്‍ പ്രാവര്‍ത്തികമാക്കും. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസറെ നിയോഗിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മന്ദഹാസം പദ്ധതിയിലൂടെ 60 വയസിന് മുകളിലുള്ള 100 പേര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തം വച്ചുനല്‍കിയത് പ്രധാന നേട്ടമാണ്. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ തീമായ നിങ്ങളുടെ വദനാരോഗ്യത്തില്‍ അഭിമാനിക്കുക എന്നത് എല്ലാവരിലേക്കും ഫലപ്രദമായി എത്തിച്ചേരട്ടെയെന്നും മന്ത്രി ആശംസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 24 ലക്ഷം രൂപ വിനിയോഗിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ച ദന്തല്‍ എക്‌സ്‌റേ മെഷീനിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി,
സ്റ്റേറ്റ് മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. അജയ്, ആരോഗ്യകേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ / ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.എന്‍. പത്മകുമാരി, പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ – ഡെന്റല്‍ ആന്‍ഡ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എന്‍ഒഎച്ച്പി ഡോ. സൈമണ്‍ മോറിസണ്‍ ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായ വിഷയാവതരണം നടത്തി. ബോധവല്‍ക്കരണ ക്ലാസുകളും നടത്തി.
ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു: മന്ത്രി വീണാ ജോര്‍ജ്
Advertisements