പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ചാണ് 3 നിലയുള്ള അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ഈ ഭക്ഷ്യ പരിശോധനാ ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്‌സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുണ്ടാകും. നിലവില്‍ ശബരിമലയ്ക്കായി പത്തനംതിട്ടയില്‍ ചെറിയൊരു ലാബ് മാത്രമാണുള്ളത്. കുടിവെള്ളത്തിന്റെ പരിശോധനകള്‍ മാത്രമാണ് നിലവിലുള്ള ലാബിലൂടെ നടത്താന്‍ കഴിയുക. മറ്റ് തരത്തിലുള്ള പരിശോധനകള്‍ നടത്താന്‍ തിരുവനന്തപുരത്തുള്ള ഭക്ഷ്യ സുരക്ഷാ ലാബിലേക്കാണ് അയയ്ക്കുന്നത്.
നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ 3 റീജിയണല്‍ ലാബുകളാണുള്ളത്. പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സജ്ജമാകുന്നതോടെ ഈ മേഖലയില്‍ ഭക്ഷ്യ സുരക്ഷാ രംഗത്ത് വലിയ മാറ്റം വരുന്നതാണെന്നും മന്ത്രി പറഞ്ഞു.