പത്തനംതിട്ട: പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂര മര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പൊലീസിൽ പരാതി നൽകി. വീണു പരുക്കേറ്റ് എന്നാണ് ഇയാൾ ബന്ധുക്കളെ ആദ്യം അറിയിച്ചത്.
സിസിടിവി പരിശോധിച്ചപ്പോൾ ക്രൂരമർദനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചെന്ന് ബന്ധുക്കൾ വ്യക്തമാക്കി. തുടര്‍ന്നാണ് പൊലീസിൽ പരാതി നൽകിയത്. നഗ്നനാക്കി നിലത്തുകൂടി വലിച്ചിഴക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നു. വീട്ടിലെ സിസിടിവിയിലാണ് ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അഞ്ചുവര്‍ഷമായി അൽഷിമേഴ്സ് രോഗ ബാധിതനായ ശശിധരൻ പിള്ള. പുതുതായി എത്തിയ ഹോം നഴ്സ് ആണ് ഉപദ്രവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഗബാധിതനായ ശശിധരൻപിള്ളയെ നോക്കുന്നതിനായാണ് ഹോം നഴ്സിനെ വെച്ചത്. അടൂരിലുള്ള ഏജന്‍സി വഴിയാണ് ഹോം നഴ്സിനെ വെച്ചത്. ബന്ധുക്കള്‍ തിരുവനന്തപുരം പാറശ്ശാലയിലാണ് താമസം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഹോം നഴ്സും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.