അടൂർ : മദ്യപിച്ച് വീട്ടിലെത്തി മകളുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ അജയൻ നായർ (49) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ ലേഖയുടെ മാതാവ് പന്നിക്കുഴി രതീഷ് ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ കമലമ്മ (62)യ്ക്കാണ് വെട്ടേറ്റത്. ലേഖയുമായി പ്രതി മദ്യപിച്ചുവന്ന് വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും പതിവാണ്. ഇതുസംബന്ധിച്ച് ഇരുകൂട്ടരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. ഇന്നലെ സന്ധ്യക്ക് 7.30 ന് വീടിന്റെ മുറ്റത്തുവച്ച് മകളെ അജയൻ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോൾ പ്രതി കമലമ്മയെയും ചീത്ത വിളിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു. കൈകൊണ്ട് അടിക്കുകയും കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്കു പിന്നിലും നെറ്റിയിലും വെട്ടുകയുമായിരുന്നു. തടഞ്ഞപ്പോൾ വലതുകൈപ്പത്തിയിലും വെട്ടുകൊണ്ടു എല്ലിന് പൊട്ടലുണ്ടായി. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കമലമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് പ്രതിയെ സ്ഥലത്തുനിന്നും മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു, വെട്ടുകത്തിയും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു, തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊടുമൺ പോലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ മനീഷ്, എസ് സി പി ഓമാരായ ശിവപ്രസാദ്, വിനീത്, സി പി ഓമാരായ ബിജു, പ്രദീപ് എന്നിവരും പങ്കെടുത്തു.