പത്തനംതിട്ട ജില്ലയുടെ സര്‍വോന്മുഖ വളര്‍ച്ചയ്ക്ക് 220 കെവിജിഐഎസ്
സബ്സ്റ്റേഷന്‍ വഴിയൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട ജില്ലയുടെ സര്‍വോന്മുഖ വളര്‍ച്ചയ്ക്ക് 220 കെവിജിഐഎസ് സബ്സ്റ്റേഷന്‍ വഴിയൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 220 കെവിജിഐഎസ് പത്തനംതിട്ട സബ്സ്റ്റേഷന്‍ സാധ്യമാകുന്നതോടെ പ്രസരണ നഷ്ടം കുറയ്ക്കുന്നതിനൊപ്പം വിതരണശൃംഖല ശക്തമാക്കി വൈദ്യുതി മേഖല ശക്തി പ്രാപിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പത്തനംതിട്ട 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആറന്‍മുള മണ്ഡലത്തില്‍ പത്തിടങ്ങില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മിതി പുരോഗമിക്കുന്നു. സബ്സ്റ്റേഷന്‍ 18 മാസത്തിനകം കമ്മീഷന്‍ ചെയാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. പുരപ്പുറ സൗരോര്‍ജ പദ്ധതി ആന്മുള മണ്ഡലത്തില്‍ ഇലന്തൂരില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് വകുപ്പിന്റെ മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പദ്ധതിയാണ് ശബരിലൈനും സബ്സ്റ്റേഷന്‍ പാക്കേജും. ട്രാന്‍സ്ഗ്രിഡിന്റെ രണ്ടാം ഘട്ട പദ്ധതികളില്‍ 244 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രധാന പദ്ധതിയാണ് ശബരിലൈനും സബ്സ്റ്റേഷന്‍ പാക്കേജും. നിലവില്‍ ജില്ലാ ആസ്ഥാനമുള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ആലപ്പുഴ ജില്ലയിലെ ഇടപ്പോണ്‍ 220 കെ വി സബ്സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ എന്തെങ്കിലും തടസം നേരിടുന്ന പക്ഷം പത്തനംതിട്ടജില്ലയെ ബാധിക്കും.

Advertisements

ഇത്തരത്തില്‍ ഒരു പദ്ധതി ജില്ലയില്‍ യാഥാര്‍ത്ഥ്യമായാല്‍ ജില്ലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് കൂടി സഹായകരമാവുമെന്നും ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യ മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരും കെഎസ്ബി ലിമിറ്റഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ പ്രസരണ വിഭാഗം നടപ്പാക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0.
ജില്ലയിലെ അടൂര്‍, ഏനാത്ത് എന്നീ സബ് സ്റ്റേഷനുകള്‍ 110 കെവി വോള്‍ട്ടേജ് നിലവാരത്തിലേക്ക് ഉയരുന്നതിനൊപ്പം പത്തനംതിട്ട, കൂടല്‍, റാന്നി, കോഴഞ്ചേരി, കക്കാട് എന്നീ 110 കെവി സബ്സ്റ്റേഷനുകളുടെ വൈദ്യുത ലഭ്യത വര്‍ധിപ്പിക്കാനും സഹായകരമാണ്. പത്തനംതിട്ട സബ്സ്റ്റേഷന്റെ നിര്‍മാണത്തിന് 54.67 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ നാല് മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതോത്പാദന നിലയം സ്ഥാപിക്കുന്നതിന് തുല്യമായ നേട്ടം ഉണ്ടാകും.
സമ്പൂര്‍ണ വൈദ്യുതീകരണം സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന സമയത്ത് ജില്ലയില്‍ കെഎസ്ഇബിയുടെ സബ്സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം ഉത്പാദക രംഗത്ത് സമഗ്ര വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് വൈദ്യുത ബോര്‍ഡ് ജീവനക്കാരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍, നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ. റോഷന്‍ നായര്‍, സുമേഷ് ബാബു, എ.ആര്‍. അജിത് കുമാര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, വൈദ്യുത വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.