പത്തനംതിട്ട:
പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. കോളനിയിൽ 25 കുടുംബങ്ങളാണ് ഉള്ളത്. ഇവർക്കുള്ള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ്ഗ വകുപ്പും സിവിൽ സപ്ലെയ്സ് വകുപ്പും ആണ്.
സിവിൽ സപ്ലെയ്സ് വകുപ്പിൽ നിന്നും എ.എ.വൈ വിഭാഗത്തിൽ പെട്ട കാർഡ് ഉടമകളായ കുടുംബങ്ങൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്. ഇതിൽ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്. പട്ടികവർഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉൾപ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നുണ്ട്. ജൂൺ മാസം 8 ന് പട്ടികവർഗ്ഗ വകുപ്പും, 21 ന് സിവിൽ സപ്ലെയ്സ് വകുപ്പും ഭക്ഷ്യധാന്യങ്ങൾ ഓരോ കുടുംബങ്ങളിലേക്കും വാതിൽപടി വിതരണത്തിലൂടെ എത്തിച്ചു നല്കിയിട്ടുണ്ട്. ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം എട്ടാം തീയതി തന്നെ നടത്തിയിട്ടുണ്ട്. വാർത്തയിൽ പറയുന്ന തങ്ക അമ്മയുടെ കുടുംബത്തിന് ജൂൺ 21 ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതാണ് . പി.എം.ജി.കെ.വൈ യിൽ ഉൾപ്പെട്ടതിനാൽ 45 കിലോ അരിയും, 4 കിലോ ഗോതമ്പും, ഓരോ കിലോ വീതം ആട്ടയും, പഞ്ചസാരയും കൂടി ലഭ്യമാക്കിയിട്ടുണ്ട്. വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലാ തല ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴും മതിയായ ഭക്ഷ്യധാന്യശേഖരം എല്ലാ കുടുംബങ്ങളിലുമുണ്ട്.
എന്നാൽ ഇതു സംബന്ധിച്ച് പുറത്തു വന്ന ചില വാർത്തകൾ വസ്തുതകൾ മനസ്സിലാക്കാതെയും, തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ സമഗ്രവികാസവും ക്ഷേമവും ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ ഉൾപ്പടെ എല്ലാ നടപടിയും കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ആദിവാസി കോളനിയിൽ ഭക്ഷണമില്ല എന്ന വാർത്ത അടിസ്ഥാന രഹിതം: ഡോ. ദിവ്യ എസ് അയ്യർ ജില്ലാ കളക്ടർ
Advertisements