240 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണത്തിനു തയാറായി; മന്ത്രി അഡ്വ. കെ രാജന്‍

പത്തനംതിട്ട : ജില്ലയില്‍ 240 പട്ടയങ്ങള്‍ വിതരണത്തിനു തയാറായെന്ന് റവന്യുമന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തിരുവല്ല പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 165 ഭൂമി പതിവു പട്ടയവും, 75 ലാന്റ് ട്രൈബ്യൂണൽ പട്ടയവുമാണ് വിതരണത്തിന് തയാറായിട്ടുള്ളത്. കോഴഞ്ചേരി താലൂക്കില്‍ 25, മല്ലപ്പള്ളി-20, അടൂര്‍-25, റാന്നി- 35, തിരുവല്ല – 30, കോന്നി – 30 വീതം ഭൂമി പതിവുപട്ടയം തയാറായിട്ടുണ്ട്. കോഴഞ്ചേരി 8, മല്ലപ്പള്ളി-10, അടൂര്‍- 4, റാന്നി-10, തിരുവല്ല – 26, കോന്നി -15 വീതം ലാന്റ് ട്രൈബ്യൂണല്‍ പട്ടയവും വിതരണം ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച രണ്ടാം നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി റവന്യു വകുപ്പ് 15000 പട്ടയങ്ങള്‍ വിതരണം ചെയ്യും. എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് കേരളം മുന്നേറുന്നത്. പട്ടയവിതരണവുമായി ബന്ധപ്പെട്ട ജില്ലയിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും അര്‍ഹരായ അപേക്ഷകര്‍ക്ക് നിയമാനുസൃതമായി വേഗത്തില്‍ പട്ടയം ലഭ്യമാക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം. പട്ടയവിതരണത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്.
വിവിധ താലൂക്കുകളിലെ പട്ടയ അപേക്ഷകളിന്മേല്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം.
ചട്ടങ്ങളും നിയമങ്ങളും പാലിച്ച് നിയമപരമായി പട്ടയത്തിന് അര്‍ഹരായവര്‍ക്ക് അവ നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കും. റവന്യു വകുപ്പ് ഓഫീസില്‍ വരുന്ന വിവിധങ്ങളായ പരാതികളും എംഎല്‍എ ഡാഷ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും കൂട്ടിയോജിപ്പിക്കുന്നതിനായി പൊതു സംവിധാനം ഒരുക്കും. ജില്ലകളില്‍ ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ക്കായിരിക്കും ചുമതല. പട്ടയവുമായി ബന്ധപ്പെട്ടു വരുന്ന വിഷയങ്ങള്‍ ഡാഷ് ബോര്‍ഡില്‍ അയയ്ക്കുകയും, മറ്റുള്ള പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും വേണം. എല്ലാ താലൂക്കുകളിലും ആര്‍ഡിഒ ഓഫീസുകളിലും ഇതിനായി ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടാകും.
മേയ് 20ന് അകം റവന്യു ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്തും. അതിന് മുന്‍പ് ജില്ലാ കലോത്സവം സംഘടിപ്പിക്കണം. ജില്ലയിലെ സ്മാര്‍ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ജില്ലയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എഡിഎം അലക്‌സ് പി. തോമസ്, തിരുവല്ല ആര്‍ഡിഒ ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.