പത്തനംതിട്ട : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ ഉത്ഘാടനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് 3.30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉത്ഘാടനം നിർവഹിക്കുന്നത്. തദവസരത്തിൽ പുതിയ പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും. എംപി ആന്റോ ആന്റണി, എംഎൽഎ മാരായ കെ യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സ്വാഗതം ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്. പി ഡബ്ലിയു ഡി എഞ്ചിനീയർ ഷീനാ രാജൻ റിപ്പോർട്ട് അവതരിപ്പിക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി ഐപിഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡിഷണൽ എസ്പി ബിജി ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത അനിൽ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീലാകുമാരി, വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതാമോഹൻ, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, വാർഡ് അംഗം സുമ രാജാശേഖരൻ, പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ബി അജി, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി സക്കറിയ എന്നിവർ ആശംസകൾ അർപ്പിക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ കൃതജ്ഞത പ്രകാശിപ്പിക്കും.
നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിനു സമീപം, മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന പത്തര സെന്റ് വസ്തുവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമിച്ചത്. മലയാലപ്പുഴയിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത് 2016 ജനുവരി പതിനാറിനായിരുന്നു. ആദ്യ എസ്എച്ച്ഓ എസ് ഐ എസ് ജയകുമാർ ആയിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത് 2019 ഡിസംബർ 12 നാണ്. 97 ലക്ഷം രൂപയാണ് കെട്ടിട നിർമാണചെലവ്. 2018 ലെ സ്റ്റേറ്റ് പ്ലാൻ സ്കീൽ ഉൾപെടുത്തിയാണ് നിർമാണം നടത്തിയത്. രണ്ടു ഘട്ടമായാണ് പണി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ ആകെ വിസ്തീർണം 4466 സ്ക്വയർ ഫീറ്റ് ആണ്. മലയാലപ്പുഴ പഞ്ചായത്ത് മുഴുവനും, വടശ്ശേരിക്കര പഞ്ചായത്തിന്റെ 6 വാർഡുകളും , മൈലപ്ര പഞ്ചായത്തിന്റെ ഒരു വാർഡും ഉൾപ്പെടുന്നതാണ് സ്റ്റേഷന്റെ അധികാരപരിധി. നൂതന സൗകര്യങ്ങളോടുകൂടിയ എസ് എച്ച് ഓ യുടെ മുറി, എസ് ഐമാരുടെ മുറി, പോലീസ് ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, റിസപ്ഷൻ, സന്ദർശകർക്കുള്ള സ്ഥലം, റൈറ്റർമാർക്കുള്ള മുറി, തൊണ്ടി റൂം, ക്രൈം വിംഗ്, സി സി ടി എൻ എസ് മുറി, ബെൽ ഓഫ് ആംസ്, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള ലോക്ക് അപ്പ് തുടങ്ങിയ സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങളോടെ പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.