മല്ലപ്പള്ളി താലൂക്കിൽ സ്വകാര്യ, കെഎസ്ആർടി സി വാഹനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എ കെ ദിലു പരിശോധനയ്ക്ക് നേരിട്ടെത്തി. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെയും സ്കൂൾ കുട്ടികളെ കയറ്റാതെയും സർവീസ് നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. സമയക്രമം പാലിക്കാതെയുള്ള സ്വകാര്യ ബസിൻ്റെ മത്സരയോട്ടവും പിടിക്കപ്പെട്ടു.ബസിനെതിരെ കേസ്സെടുത്തിട്ടുണ്ട്. പരിശോധനയിൽ ബസുകളുടെ ഫിറ്റ്നസ് നേരിട്ട് പരിശോധിച്ചു. ഫുട് ബോർഡ് അടക്കം ഇളകിയിരുന്ന സ്വകാര്യ ബസുകൾ അഞ്ച് ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിച്ച് പരിശോധനയ്ക്ക് ഹാജരാക്കാനും നിർദ്ദേശം നൽകി. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, എഎംവി മാരായ ഹരി, ബിനോജ് എന്നിവരുമുണ്ടായിരുന്നു.