മണിയാർ ബാരേജിന്റെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിൽ ഗുരുതര വീഴ്ച; ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കളക്ടർ

പത്തനംതിട്ട: പത്തനംതിട്ട മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ കരാറുകാരനെ കൊണ്ട് മാറ്റി സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ ഇറിഗേഷൻ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കളക്ടർ. സംഭവത്തില്‍ വിശദമായ റിപ്പോർട്ട് കളക്ടർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. സ്വകാര്യ കമ്ബനിക്ക് കരാർ നല്‍കി രണ്ട് വർഷമാകുമ്പോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചിട്ടില്ല. മഴ കനത്ത് ബാരേജ് നിറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച്‌ പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥപരിതാപരമാണ്. ഒന്നും മൂന്നും ഷട്ടറുകള്‍ ഉയർത്തണമെങ്കില്‍ ജീവനക്കാർ പെടാപ്പാട് പെടണം.

Advertisements

രണ്ട്, നാല് ഷട്ടറുകള്‍ക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടർ തെന്നിമാറി ഒരു വശത്തേക്ക് പോയി. തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വലിയ അപകടഭീഷണിയാണ് നിലനില്‍ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാൻ പ്രളയശേഷം തീരുമാനമെടുത്തതാണ്. 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്ബനിക്ക് 6 കോടി ചെലവില്‍ കരാ‍ർ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഷട്ടർ ഗേറ്റുകള്‍ മണിയാറില്‍ എത്തിച്ചതല്ലാതെ ഒരുപണിയും ഇതുവരെ നടന്നില്ല. പമ്ബ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മണിയാർ ബാരേജിലേക്ക്, രണ്ട് സ്വകാര്യ ജലവൈദ്യുതപദ്ധതികളിലെ വെള്ളംകൂടി എത്തും. അതിതീവ്രമഴ വന്നാല്‍ അത്ര പെട്ടെന്ന് പഴക്കംചെന്ന ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാൻ പറ്റുമോയെന്നാണ് ആശങ്ക.

Hot Topics

Related Articles