പത്തനംതിട്ട : നൂതന ഒപി ബ്ലോക്കും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും യാഥാര്‍ത്ഥ്യത്തിലേക്ക്
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ രണ്ട് കെട്ടിങ്ങളുടെ നിര്‍മാണത്തിന് 45.91 കോടി രൂപയുടെ അനുമതി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പുതിയ ഒപി ബ്ലോക്ക് നിര്‍മാണത്തിനായി 22.16 കോടി രൂപയും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിര്‍മാണത്തിനായി 23.75 കോടി രൂപയുമാണ് അനുവദിച്ചത്. നബാര്‍ഡ് പദ്ധതി വഴിയാണ് ഒപി ബ്ലോക്ക് നിര്‍മിക്കുന്നത്. ഈ പദ്ധതിയുടെ ടെന്‍ഡറിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ സ്പെഷ്യാലിറ്റി ഒപികളും, ഫാര്‍മസി, ലാബ് സൗകര്യം, വെയിറ്റിംഗ് ഏരിയ, രജിസ്ട്രേഷന് എന്നീ സംവിധാനങ്ങളാണ് അത്യാധുനിക ഒപി ബ്ലോക്കില്‍ സജ്ജമാക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കില്‍ ട്രയേജ് സംവിധാനങ്ങളോട് കൂടിയ ആധുനിക അത്യാഹിത വിഭാഗം, ഐ.സി.യു, എച്ച്.ഡി.യു, ഐസോലേഷന് വാര്‍ഡുകള്‍, ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന് തീയറ്ററുകള്‍ എന്നീ സൗകര്യങ്ങളുണ്ടാകും. ഈ രണ്ടു കെട്ടിടങ്ങളും യാഥാര്‍ഥ്യമാകുന്നതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ മുഖഛായ മാറും. ഇതിലൂടെ വലിയ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.