സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. നഗരസഭകളായ പത്തനംതിട്ട, തിരുവല്ല, ബ്ലോക്ക് പഞ്ചായത്തുകളായ പുളിക്കീഴ്, പറക്കോട്, മല്ലപ്പള്ളി, ഇലന്തൂര്‍, റാന്നി, പന്തളം, കോയിപ്രം, കോന്നി, ഗ്രാമപഞ്ചായത്തുകളായ മൈലപ്ര, വടശേരിക്കര, കവിയൂര്‍, കല്ലൂപ്പാറ, ആറന്മുള, ചിറ്റാര്‍, ഏഴംകുളം, പന്തളം തെക്കേക്കര, കോഴഞ്ചേരി, മല്ലപ്പള്ളി, തണ്ണിത്തോട് എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍ദേശിച്ചു. എല്ലാ പഞ്ചായത്തുകളും ദുരന്തനിവാരണ പദ്ധതി തയാറാക്കണമെന്നും കിഴങ്ങ് വര്‍ഗകൃഷി നിര്‍ദേശിച്ചിരിക്കുന്ന പഞ്ചായത്തുകള്‍ ഗുണനിലവാരമുള്ള വിത്ത് വിതരണം ചെയ്യണമെന്നും കൃഷി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷിക പദ്ധതി സമര്‍പ്പണത്തില്‍ ജില്ല ഒരുപടി മുന്നിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജലജീവന്‍ മിഷന് പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയിലെ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
Advertisements