സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജകമണ്ഡലതല ഉദ്ഘാടനം ഇന്ന്; വീടുകളില്‍ സൗരോര്‍ജത്തിലൂടെ കൂടുതല്‍ വൈദ്യുതി ഉപയോഗം എന്നത് ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്‍ മുഖേന നടപ്പാക്കുന്നു

കോഴഞ്ചേരി : വീടുകളില്‍ സൗരോര്‍ജത്തിലൂടെ കൂടുതല്‍ വൈദ്യുതി ഉപയോഗം എന്നത് ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്‍ മുഖേന നടപ്പാക്കുന്ന സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം ഫെബ്രുവരി 12 ശനിയാഴ്ച ഇന്ന് രാവിലെ 8.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇലന്തൂര്‍ പഞ്ചായത്തിലെ പൂക്കോട് പുതുപറമ്പില്‍ എന്‍. ശിവരാജിന്റെ വീട്ടിലാണ് ആദ്യ ഘട്ടത്തില്‍ സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി  നിര്‍വഹിക്കുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടു കൂടി വീടിന് മുകളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുകയും ഇതില്‍ നിന്ന് സൗരോര്‍ജത്തിലൂടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ 4.8 കിലോവാട്ട് കൊണ്ടാസ് ഓട്ടോമേഷന്‍ സോളാര്‍ നിലയം കമ്മീഷന്‍ ചെയ്തു കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്.  ഈ സോളാര്‍ നിലയത്തില്‍ നിന്ന് ഉപയോക്താവിന് പ്രതിമാസം 575 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗത്തിന് ശേഷം  വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലയ്ക്ക് കെഎസ്ഇബിക്ക് നല്‍കാം. 2,47,064 രൂപ മുതല്‍ മുടക്കില്‍   സ്ഥാപിച്ച നിലയത്തിന് സബ്‌സിഡി തുകയായ 57,400 കുറച്ച് 1,89,664 രൂപയാണ് ഉപയോക്താവിന് അടയ്‌ക്കേണ്ടി വന്നത്.
പദ്ധതി  സ്ഥാപിക്കാനാവശ്യമായ ആകെ തുകയില്‍ മൂന്നു കിലോവാട്ട് വരെ 40 ശതമാനം സബ്‌സിഡിയും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 2022 മാര്‍ച്ച് 31  നോടു കൂടി 35,000 ഉപയോക്താക്കളിലായി 100 മെഗാവാട്ട് കപ്പാസിറ്റിയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച മൂന്നു നിലയങ്ങള്‍ ഉള്‍പ്പടെ 27 നിലയങ്ങള്‍ ഇതിനകം പത്തനംതിട്ട സര്‍ക്കിള്‍ കീഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗ്യാരന്റിയാണ് കമ്പനി നല്‍കുന്നത്. ഉപയോക്താവിന് മുടക്കു  മുതല്‍ ഏകദേശം അഞ്ച്-ആറു വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.

Advertisements

Hot Topics

Related Articles