പത്തനംതിട്ട : നായ്ക്കളുടെ
ആക്രമണം ജില്ലയിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും മൃഗ സംരക്ഷണ വകുപ്പും ചേർന്ന് 12 സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തി. ആരോഗ്യവകുപ്പ് കണ്ടെത്തിയ
ഹോട്ട് സ്പോട്ടുകൾ :- പത്തനംതിട്ട, തിരുവല്ല നഗരസഭകൾ, റാന്നി, കോന്നി, മല്ലപ്പള്ളി, എഴുമറ്റൂർ, കോഴഞ്ചേരി പഞ്ചായത്തുകൾ. മൃഗസംരക്ഷണ വകുപ്പിന്റെ പട്ടിക പ്രകാരമുള്ള
ഹോട്ട് സ്പോട്ടുകൾ:- പത്തനംതിട്ട, തിരുവല്ല, അടൂർ നഗരസഭ പ്രദേശങ്ങൾ, ആറന്മുള, ആനിക്കാട്, റാന്നി പെരുനാട്, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകൾ.
ചികിത്സ തേടിയ സ്ഥലങ്ങളും ആരോഗ്യവകുപ്പും വളർത്തുമൃഗങ്ങൾക്ക് കൂടുതൽ കടിയേറ്റ സംഭവങ്ങൾ കണ്ടെത്തിയാണ് മൃഗസംരക്ഷണ വകുപ്പും ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചത്. ഈ വർഷം ജില്ലയിൽ പതിനായിരത്തിലേറെ പേർക്ക് നായയുടെ കടിയേറ്റതായാണ് ഇതുവരെയുള്ള ആരോഗ്യവകുപ്പ് റിപ്പോർട്ട്. ഇതിൽ കടിയേറ്റു ചികിത്സ തേടിയ സ്ഥലമാണ് ഹോട്ട് സ്പോട്ട് ആക്കിയിരിക്കുന്നത്.
ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് കടിയേറ്റ 1122 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആട്, പശു, വളർത്തുപട്ടികൾ എന്നിവയ്ക്കാണ് കടിയേറ്റിട്ടുള്ളത്. നഗരസഭകളിൽ 405 എണ്ണം വരെയും പഞ്ചായത്തുകളിൽ 305 വരെയും വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ട്. 30 എണ്ണത്തിൽ താഴെയുള്ളവ ഹോട്സ്പോട്ടായി കണക്കാക്കിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃഗസംരക്ഷണ വകുപ്പ് തിരുവല്ലയിലെ മഞ്ഞാടി ലാബിൽ പരിശോധന നടത്തിയതിൽ 9 നായ്ക്കൾക്കു മാത്രമാണ് ഈ കാലത്ത് പേ വിഷബാധ സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വാക്സനേഷൻ യജ്ഞം 3 ദിവസംകൊണ്ട് 3340 എണ്ണമായി. ജില്ലയിൽ ആകെ എഴുപതിനായിരത്തോളം വളർത്തുനായ്ക്കൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്രയും നായ്ക്കളെ വാക്സിനേഷൻ ചെയ്യാൻ 3 മാസം വേണ്ടിവരും. ഹോട്ട് സ്പോട്ട് ആക്കിയ സ്ഥലങ്ങളിൽ ഈ മാസം 30നുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യ മെന്ന് അധികൃതർ അറിയിച്ചു.