പത്തനംതിട്ട : ആരാധനാലായത്തിനുള്ളിൽ അതിക്രമിച്ചു കടന്ന് നാശനഷ്ടം വരുത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരം മാങ്കോട് ഷെമീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ ഷമീറാ(33)ണ് കൂടൽ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 11.45 ന് കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്നയാൾ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് ശാസ്താ നടയുടെ ഉള്ളിൽ കയറി ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കീഴ്ശാന്തിയും ദേവസ്വം ട്രസ്റ്റ് അംഗവുമായ കലഞ്ഞൂർ പ്ലാസ്ഥാനത്തു മഠത്തിൽ ആർ വാസുദേവൻ പോറ്റിയുടെ മകൻ രാംകുമാർ തുടർന്ന് കൂടൽ പോലീസിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസിന് കൈമാറി. സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ഇയാളെ ചോദ്യം ചെയ്തു. കഴിഞ്ഞയിടെ കഞ്ചാവ് കൈവശം വച്ചതിന് കൂടൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഞ്ചാവിനടിമയാണെന്ന് പറയപ്പെടുന്നു. കീഴ്ശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷം ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. അന്വേഷണസംഘത്തിൽ എസ് ഐ ദിജേഷ്, എസ് സി പി ഓ വിൻസെന്റ് സുനിൽ, സി പി ഓമാരായ ഫിറോസ്, അനൂപ് എന്നിവരുമുണ്ട്.