കൊച്ചി : പേവിഷബാധയ്ക്കെതിരെ ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പട്ടിയുടെ കടിയേറ്റാല്‍ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുതെന്നും എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ തേടണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം.
കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
· കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം.
കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം.
വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക.
വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക.
മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്.
പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.
പട്ടികടിയേറ്റ ആദ്യ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍; ഡോ. സുല്‍ഫി നൂഹു പറയുന്നു…
തെരുവുനായ ആക്രമണം ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള വാര്‍ത്തകള്‍ നാം ദിവസവും കാണുന്നുമുണ്ട്. പട്ടി കടിച്ചാല്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേ വിഷബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങള്‍. പേ വിഷ ബാധയേറ്റാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്ത് തീര്‍ക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ ) നിയുക്ത സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്.
എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും ഡോ. സുല്‍ഫി നൂഹു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം. ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളില്‍ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയില്‍ കഴുകുന്നത് വളരെ നല്ലത്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാല്‍ അയഡിന്‍ സൊലൂഷനോ ആല്‍ക്കഹോള്‍ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീന്‍ ചെയ്യണം. വാക്സിനേഷന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് എടുക്കണമെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു.