കോട്ടയം: പി.സി. ജോര്‍ജിനെ പൂണമായും കൈയ്‌വിട്ടും മകന്‍ ഷോണ്‍ ജോര്‍ജിനെ കൂടെ കൂട്ടിയും ബി.ജെ.പി. നേതൃത്വം. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോട്ടയത്തെത്തിയ ജോര്‍ജ് കുര്യന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ നിന്നാണ് പി.സി. ജോര്‍ജിനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പടെ മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ പി.സി ജോര്‍ജിന്റെ അഭാവം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. ചടങ്ങിലേക്കു ജോർജിന് ക്ഷണം പോലും കിട്ടിയില്ലെന്നാണ് ലഭിക്കുന്ന സൂചന.
അതേ സമയം മകന്‍ ഷോണ്‍ ജോര്‍ജ് ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാദം ഉണ്ടാക്കുന്ന പി.സി. ജോര്‍ജിനെക്കോള്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ചേര്‍ത്തു നിര്‍ത്തുന്നതാണ് നല്ലതെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഷോണ്‍ രംഗത്തുവന്നിരുന്നു. ഇതെല്ലാം ഷോണിനോട് നേതൃത്വം അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ കാരണമായി. എന്നാല്‍, പി.സി. ജോര്‍ജാകട്ടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപ്പെട്ട് നടത്തിയ പത്തംതിട്ടയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ വരെ ചോദ്യം ചെയ്തു രംഗത്തു വരുകയും കേന്ദ്ര നേതൃത്വത്തിൻ്റെ അതൃപ്തി നേടിയെടുക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈസ്തവ സമുദയ വോട്ടുകള്‍ ബി.ജെ.പിക്കൊപ്പം ചേര്‍ക്കാന്‍ കെല്‍പ്പുള്ള നേതാവായി പി.സി. ജോര്‍ജിനെ കണ്ടെങ്കിലും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ അനില്‍ ആന്റണി ഏറ്റുവാങ്ങിയ ദയനീയ പരാജയം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെയും അസംതൃപ്തിക്കു കാരണമായിരുന്നു. പിന്നാലെയാണ് ജോർജിൻ്റെ വിവാദ പരാമർശങ്ങളും. ഇതോടെയാണ് പാര്‍ട്ടിയുടെ ആദ്യകാല ക്രൈസ്തവ മുഖമായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിച്ചു ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാന്‍ ബി.ജെ.പി. തീരുമാനിച്ചതും.
ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിന് പിന്നാലെ മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കും ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവരെ അഭിനന്ദിച്ചും ക്രൈസ്തവ സഭകള്‍ രംഗത്തു വന്നിരുന്നു. ഇതെല്ലാം പുതിയ തുടക്കത്തിന്റെ ശുഭ സൂചനയായാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ക്രൈസ്തവ സമുദായം ചേര്‍ന്നു നിന്നാല്‍ സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലും വന്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഒരു ഘടകം ക്രൈസ്തവര്‍ ഒപ്പം ചേര്‍ന്നതുകൊണ്ടുകൂടിയാണെന്നും കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു.