തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ എത്തിയതിനു പിന്നാലെ തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിനായാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ ഉത്തരവിറക്കുന്നതു സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം പുറത്തു വന്നതിന് പിന്നാലെ തന്നെ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആദ്യം തന്നെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നാലെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേയ്ക്കു മാർച്ചും നടത്തി. ഇതിനു ശേഷം യുവമോർച്ചയും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി എത്തി. ഇതോടെയാണ് സർക്കാർ തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തുടർ നടപടികൾ വേണ്ടെന്നു മന്ത്രിസഭാ യോഗം തീരുമാനിച്ചു.