കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെ(42) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ ബിപിഎഡ് വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് അതിക്രമത്തിന് ഇരയായത്. തോളിന് വേദനയുള്ളതിനാല്‍ യുവതി കോഴിക്കോട് എരഞ്ഞിപ്പാലം ജവഹര്‍നഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെന്ററില്‍ തേടിയിരുന്നു. എന്നാല്‍ ചികിത്സക്കിടെ ഇയാള്‍ ക്ലിനിക്കിലെ മുറിക്കുള്ളില്‍ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് എരഞ്ഞിപ്പാലത്ത് വെച്ച് എസ്‌ഐ ജാക്‌സണ്‍ ജോയ്, എഎസ്‌ഐ ശ്രീശാന്ത്, സിപിഒ അശ്വതി എന്നിവരടങ്ങുന്ന സംഘം ഷിന്റോ തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.