ചർമ്മത്തിൽ മുഖക്കുരു ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്. ജീവിതശൈലിയിലെയും ഭക്ഷണശൈലിയിലെയും മാറ്റങ്ങൾ ഇതിനൊരു പ്രധാന കാരണമാണ്. ചർമ്മത്തിൽ പുറമെ നിന്ന് സംരക്ഷണം നൽകിയാലും പലപ്പോഴും ദൈനംദിനത്തിലെ ചില പ്രവർത്തനങ്ങളും അതുപോലെ ഭക്ഷണവുമൊക്കെ ചർമ്മകാന്തിയെ മോശമായി ബാധിച്ചേക്കാം. ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണത്തിനും പോഷകങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. മുഖക്കുരു മാറ്റാൻ ഭക്ഷണശൈലിയും ജീവിതശൈലിയിലും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ചർമ്മം തിളങ്ങാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങളിതാ.
വെള്ളം കുടിക്കുക
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളം ധാരാളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ഏഴ് മുതൽ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് സഹായിക്കും. മുഖക്കുരുവിന് എതിരെ പോരാടാൻ ഇത് വളരെ നല്ലതാണ്. മുഖക്കുരു വരാതിരിക്കാൻ ഏറ്റവും മികച്ചതാണ് വെള്ളം കുടിക്കുന്നത്.
പഴങ്ങളും പച്ചക്കറികളും
ചർമ്മത്തിന് ഏറെ ആവശ്യമുള്ളതാണ് പഴങ്ങളും പച്ചക്കറികളും. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ് പഴങ്ങളും പച്ചക്കറികളും. ഇത് ചർമ്മത്തിലെ ആൻ്റി ഇൻഫ്ലമേറ്ററി പ്രശ്നങ്ങളെ കുറയ്ക്കുകയും മുഖക്കുരുവിന് പരിഹാരം നൽകുകയും ചെയ്യും. ആപ്പിൾ, പൈനാപ്പിൾ, ബെറീസ്, പപ്പായ, മത്തങ്ങ, സിട്രസ് പഴങ്ങൾ എന്നിവയെല്ലാം ഡയറ്റിൽ ഉൾപ്പെടുത്തണം.
ലോ ഗ്ലൈസമിക് ഭക്ഷണങ്ങൾ
അമിതമായ പഞ്ചസാരയുടെ ഉപയോഗം പലർക്കും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കും. ലളിതമായ കാർബോഹൈഡ്രേറ്റുകൾ അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവയുൾപ്പെടെ ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിപ്പിക്കും.
ഇത് ചർമ്മ കോശങ്ങളിലെ ഇൻസുലിൻ, സെബം ഉത്പാദനം എന്നിവ വർധിക്കാൻ കാരണമാകും. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, അന്നജം ഇല്ലാത്ത പച്ചക്കറികൾ എന്നിവ പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണ സ്രോതസ്സുകൾ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിലനിർത്താനും മുഖക്കുരു പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
തൈര് കുടിക്കുക
ആരോഗ്യകരമായ കുടലിൻ്റെ പ്രവർത്തനങ്ങൾക്ക് തൈര് കുടിക്കേണ്ടത് ഏറെ നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാനും ദഹനത്തിനുമൊക്കെ പ്രോബയോട്ടിക്കായ തൈര് കുടിക്കേണ്ടത് വളരെ പ്രധാനമാണ്. കുടലിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ നല്ല ബാക്ടീരിയ ധാരാളം പുളിപ്പിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന് എതിരെ പോരാടാനും പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണങ്ങൾ കണ്ടെത്തുക
ചില ആളുകൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പാൽ, മുട്ട, എണ്ണമയമുള്ള ഭക്ഷണങ്ങൾ അങ്ങനെ പലതും പ്രകോപനത്തിന് കാരണമായേക്കും. ഏത് ഭക്ഷണമാണ് മുഖക്കുരുവിന് കാരണമാകുന്നത് എന്ന് കണ്ടുപിടിക്കുക. ചോക്ലേറ്റുകൾ, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവയും മുഖക്കുരുവിന് കാരണമായേക്കാം.