നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. പലര്‍ക്കുമുള്ള ഒരു ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. ഭക്ഷണക്രമവും മുഖക്കുരു വരാനുള്ള സാധ്യതയെയും വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. അത്തരത്തില്‍ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിക്കുകയും ഇൻസുലിൻ ഉൽപാദനം വർധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതുമൂലം ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെയും പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
2. പാലുല്‍പ്പന്നങ്ങള്‍
പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍
അനാരോഗ്യകരമായ കൊഴുപ്പും, അമിത കലോറിയും കാര്‍ബോയും അടങ്ങിയ ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്‍റെ സാധ്യതയെ കൂട്ടാം.
4. ചോക്ലേറ്റ്
ചർമ്മത്തിൽ എണ്ണ ഉൽപ്പാദനം കൂട്ടുന്ന മെഥൈൽക്സാന്തൈൻസ് എന്ന സംയുക്തങ്ങൾ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ചോക്ലേറ്റിൽ പഞ്ചസാരയും കൂടുതലാണ്. ഇത് ഇൻസുലിൻ വർധനവിന് കാരണമാകും, ഇത് മുഖക്കുരുവിനും കാരണമാകും. അതിനാല്‍ ചോക്ലേറ്റും അമിതമായി കഴിക്കരുത്.
5. എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരീരം അമിതമായി ചൂടാകുമ്പോൾ, അത് വിയർപ്പിലേക്ക് നയിച്ചേക്കാം. ഇത് സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
7. മദ്യം
മദ്യം കഴിക്കുന്നത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം സംഭവിക്കാം. ഇതോടെ ചർമ്മം വരൾച്ചയ്ക്ക് പരിഹാരമായി എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കുക.