ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനമാണ്. ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരുഉപാധി മാത്രമാണ് പ്ലാസ്റ്റിക്ക് സർജറി എന്ന് കരുതുന്നവരുണ്ട്. എന്നാൽ, ജീവൻരക്ഷാ സാധ്യതകൾ ഉൾപ്പെടെ, അത് മുന്നോട്ട് വെക്കുന്ന അവസരങ്ങൾ അനന്തമാണ്. സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് സർജറിയുടെ ഉപവിഭാഗത്തെയാണ് കോസ്മെറ്റിക് സർജറി എന്ന് വിളിക്കുന്നത്. പലരും ഇവ രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നവരാണ്.
എന്താണ് പ്ലാസ്റ്റിക് സർജറി?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപാന്തരപ്പെടുത്തുക എന്നർത്ഥമുള്ള പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് പ്ലാസ്റ്റിക് സർജറി എന്ന പദം ഉണ്ടായത്. ന്യൂസിലൻഡിൽ ജനിച്ച് ഇംഗ്ലണ്ടിൽ ജീവിച്ച സർ ഹാരോൾഡ് ഗില്ലീസ് ആണ് ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ്. മുറിവുകളുടെ പാടുകൾ അവശേഷിയ്ക്കാതെ ഭേദമാക്കുന്നതുമുതൽ അപകടത്തിൽ അറ്റുപോയ കൈകാലുകൾ തുന്നിച്ചേർക്കാനും, മുഖത്തെയും കഴുത്തിലെയും കാൻസറുകൾ നീക്കാനും പൊള്ളൽ ഭേദമാക്കാനും മുച്ചുണ്ട് ശരിയാക്കാനുമെല്ലാം പ്ലാസ്റ്റിക് സർജറി പ്രയോജനപ്പെടുത്തുന്നു. അതോടൊപ്പംതന്നെ നേരത്തെ സിനിമാ മേഖലയിലുള്ളവർ മാത്രം ചെയ്തുവന്നിരുന്ന സൗന്ദര്യവർദ്ധനത്തിനുള്ളതും ചുളിവുകളും കൊഴുപ്പും നീക്കുന്നതുമായ കോസ്‌മെറ്റിക് സർജറി ഇപ്പോൾ പൊതുവെ എല്ലാവർക്കും പ്രാപ്യമായിട്ടുണ്ട്. ശരീരത്തിൽ പ്രായാധിക്യം കാരണമുണ്ടാകുന്ന ലക്ഷണങ്ങൾ മാറ്റുന്നതിനും, കൊഴുപ്പുകൂടുന്നതുകാരണം ഉണ്ടാകുന്ന അമിത വണ്ണം, പുരുഷന്മാരിലെ അമിത സ്തനവളർച്ച നീക്കംചെയ്യുന്നതിനും, അവയവങ്ങളുടെ രൂപമാറ്റത്തിനും ഇപ്പോൾ പ്ലാസ്റ്റിക് സർജറി പൊതുവെ ഉപയോഗിക്കുന്നു. കൂടാതെ കാൻസർ മൂലം നീക്കംചെയ്യേണ്ടിവരുന്ന ശരീര ഭാഗങ്ങൾ പുനർനിർമ്മാണം ചെയ്യാൻ സഹായിക്കുന്ന ശസ്‌ത്രക്രിയകൾ അനേകർക്ക് ആശ്വാസമാകാറുണ്ട്.
തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക്, വാസ്കുലർ, റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം തലവനും സിനിയർ കൺസൾട്ടൻ്റും ആയ ഡോ ദീപക് അരവിന്ദ് ആണ് ലേഖകൻ