ഇടുക്കി; ”രണ്ട് കൊല്ലം കൊണ്ട് അനുഭവിച്ച കഷ്ടതകള്‍ക്ക് കണക്കില്ല.അഭിമാനവും സമ്പത്തും ആരോഗ്യവും നശിപ്പിച്ചു. ജീവിച്ചിരുയ്ക്കുന്ന മനുഷ്യക്കോലമായി മാറി. ഇപ്പോള്‍ കോടതി എന്നോട് കരുണ കാണിച്ചു. ഞാന്‍ കുറ്റവിമുക്തനായി. ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും ആരെല്ലാം ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നെന്നും പൊതുസമൂഹം അറിയണം. ഇതിന് വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യും. ഇനിയുള്ള ജീവിതത്തിലെ പ്രധാന ലക്ഷ്യം ഇത് മാത്രമാണ്. എന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാവരുത്..” ഉള്ളിലെ സങ്കടക്കടല്‍ അടക്കി ഇടുക്കി വാഗമണ്‍ ചോറ്റുകുഴയില്‍ ജോണ്‍സണ്‍ പറയുന്നു.
കരിയിലകുളങ്ങര പൊലീസ് ചാര്‍ജ്ജു ചെയ്ത പോക്സോ കേസില്‍ ഹരിപ്പാട് അതിവേഗ കോടതിയില്‍ നിന്നും ലഭിച്ച അനുകൂലവിധിയെക്കുറിച്ചും കേസിന്റെ നാള്‍ വഴികളെക്കുറിച്ചും വിവിധ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍സണ്‍. ”57 വയസ്സുണ്ട്. ജീവനോടെ ജയിലില്‍ നിന്നും പുറത്തുവന്നില്ലായിരുന്നെങ്കില്‍ സത്യം ഒരിക്കലും പുറത്തുവരുമായിരുന്നില്ല. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. മാവേലിക്കര ജയിലിലാണ് റിമാന്റില്‍ കഴിഞ്ഞത്. ജയിലെത്തി ഏതാണ്ട് 10 ദിവസത്തിന് ശേഷമാണ് നടന്ന കാര്യങ്ങള്‍ ഏറെക്കുറെ ഓര്‍ത്തെടുക്കാന്‍ പോലും സാധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയില്‍ അധികൃതര്‍ കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് വാവിട്ടുള്ള എന്റെ നിലവിളിക്ക് ശമനമായത്.പ്രാര്‍ത്ഥന പുണ്യം നല്‍കിയ മനസാന്നിദ്ധ്യത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍ തള്ളി നീക്കിയത്. 75 ദിവസം ജയിലില്‍ കഴിച്ചുകൂട്ടി. സുപ്രണ്ടിന്റെയും മറ്റും ഇടപെടല്‍ വലിയൊരളവില്‍ ആശ്വാസമായി” ജോണ്‍സണ്‍ പറയുന്നു. ”ദരിദ്രകുടുംബത്തിലായിരുന്നു ജനനം. ഏറെ കഷ്ടപ്പെട്ടാണ് 10-ാം ക്ലാസ്സ് വരെ പഠിച്ചത്. പിന്നെ വനത്തില്‍ നിന്നും വിറകുപെറുക്കി കൊണ്ടുവന്ന്,ആവശ്യക്കാര്‍ക്ക് വിറ്റുകിട്ടുന്ന പണം വീട്ടുകാര്‍ക്ക് നല്‍കിയിരുന്നു.ചെറുപ്പം മുതല്‍ കുരിശമല ആശ്രമത്തില്‍ പോയിരുന്നു. ഇടയ്ക്ക് അവിടുത്തെ ജോലികള്‍ക്കും വിളിച്ചിരുന്നു.
അവിടുത്തെ രീതികള്‍ പിന്‍തുടര്‍ന്നിരുന്നതിനാല്‍ എല്ലാ ദുസ്വഭാവങ്ങില്‍ നിന്നും അകന്നായിരുന്നു ജീവിതം. ഇവിടെ നിന്നാണ് സിസ്റ്റര്‍ നിര്‍മ്മല കൂടുതല്‍ ശമ്പളവും ജോലി സ്ഥിരതയും ഉറപ്പുനല്‍കി എന്നെ കൂടെ കൂട്ടിയത്. അത് ഇത്തരത്തില്‍ വലിയ ദുരന്തിലേയ്ക്കാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല”, ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. കന്യസ്ത്രീ സമൂഹം നടത്തിയിരുന്ന സ്‌കൂളുകളിലും അവരുടെ തന്നെ മഠങ്ങളിലും 13 വര്‍ഷത്തോളമായി പലവിധ ജോലികളും ചെയ്തിരുന്നു. അക്കാലത്തൊന്നും തന്നെക്കുറിച്ച് ഒരു പരാതിയും ആരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നില്ല. രണ്ട് വര്‍ഷം മുമ്പ് ഇവരില്‍ ചിലര്‍ മറ്റാരെയോ രക്ഷിക്കാന്‍ നങ്ങ്യാര്‍കുളങ്ങര സ്‌കൂളിലെ കുട്ടിക്ക് നേരെ ഉണ്ടായതായി പറയപ്പെയുന്ന ലൈംഗിക അതിക്രമം ഇവിടുത്തെ ബസ്സ് ജീവനക്കാരനായിരുന്ന തന്റെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ കേസില്‍ സത്യം തിരിച്ചറിഞ്ഞ കോടതി കുറ്റവിമുക്തനാക്കി, ജോണ്‍സണ്‍ വിശദമാക്കി.
ആശ്വസം പകര്‍ന്ന കോടതി വിധിയെക്കുറിച്ചും കേസിന്റെ പശ്ചാത്തലത്തെക്കുറിച്ചും ജോണ്‍സണ്‍ പറയുന്നു. ”എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2013 ഒക്ടോബര്‍ 2 -നാണ് നങ്ങിയാര്‍കുളങ്ങര സ്‌കൂളില്‍ ജോലിക്കായി എത്തുന്നത്. 2020 ജനുവരി 29-ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കും വരെ ഇവിടെ ജോലി ചെയ്തിരുന്നു. സ്‌കൂളിന്റെ ചുമതലക്കാരായ സിസ്റ്റര്‍മാര്‍ തന്ത്രപൂര്‍വ്വം പൊലീസിന്റെ മുന്നില്‍ എത്തിക്കുകയായിരുന്നു”.
രാവിലെ 6 മണിക്ക് എഴുന്നേറ്റാല്‍ രാത്രി 10 മണിവരെ വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. 29-ാം തീയതി രാവിലെ മുതല്‍ ജോലിത്തിരക്കായിരുന്നു.വല്ലാതെ തളര്‍ന്നിരുന്നു. അന്ന് സ്‌കൂളിന് അവധിയായിരുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് അല്‍പ്പനേരം വിശ്രമിക്കാനായി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോള്‍ 5 മണിയോടടുത്തിരുന്നു. അടുക്കളയില്‍ എത്തി ഒരു ചായവാങ്ങിക്കഴിച്ചു. അപ്പോഴാണ് ഒരു സിസ്റ്റര്‍ വന്ന് അന്വേഷിച്ചെത്തിയത്.
രണ്ടുപേര്‍ കാണാന്‍ വന്നിട്ടുണ്ടെന്നും അവര്‍ വിസിറ്റിങ് റൂമില്‍ കാത്തിരിക്കുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. ഞാന്‍ ഒട്ടും സമയം കളയാതെ വിസിറ്റിങ് റൂമില്‍ എത്തി. കാത്തിരുന്നവരെ കണ്ടപ്പോള്‍ പൊലീസുകാരാണെന്ന് മനസ്സിലായി. അവര്‍ മുമ്പ് സ്‌കൂളില്‍ പല പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴും സുരക്ഷ ചുമതല ഡ്യൂട്ടിയില്‍ എത്തിയിരുന്നു. സ്റ്റേഷനിലേക്ക് പോകണമെന്നും സി ഐയ്ക്ക് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അവര്‍ പറഞ്ഞു.വെള്ളമുണ്ട് ഉടുത്തുവരാനും ആവശ്യപ്പെട്ടു.അവര്‍ എന്നെ ബൈക്കില്‍ക്കയറ്റി കരിയിലകുളങ്ങര സ്റ്റേഷനില്‍ എത്തിച്ചു. ഒരു ചെറിയ മുറിയില്‍ ഇരുത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ സി ഐ എത്തി.പിന്നീട് സംഭവിച്ചതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും ഉള്ളില്‍ ഭയമാണ്, ജോണ്‍സര്‍ ഓര്‍ത്തെടുക്കുന്നു.
”നീ എന്താടാ..ആ കൊച്ചിനെ ചെയ്തത് എന്ന് ചോദിച്ച് ഇരുകവിളുകളിലും മാറി മാറി അടിച്ചു.പിന്നെ നെഞ്ചിലും പുറത്തും തുരുതുര ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പുറംഭാഗം ഭിത്തില്‍ ഇടിച്ചു. വേദന കൊണ്ട് പുളഞ്ഞ് നില്‍ക്കെ നാഭിക്ക് രണ്ടുതവണ സി ഐ തൊഴിച്ചു.പിന്നെ കാതുപൊട്ടുന്ന അസഭ്യം പറഞ്ഞ് സി ഐ ഇറങ്ങിപ്പോയി. ഏകദേശം 10 മിനിട്ട് കഴിഞ്ഞുകാണും..രണ്ട് പൊലീസുകാര്‍ മുറിയിലേയ്ക്ക് വന്നു. ഒരാള്‍ എന്റെ തല അയാളുടെ കാലുകള്‍ക്കിടയില്‍ വച്ചു.തുടര്‍ന്ന് ഇടവിട്ട് ഇടവിട്ട് പുറത്ത് ഇടിയേറ്റു തുടങ്ങി.ഇടയ്ക്ക് കൈമുട്ടിനുള്ള കുത്തും.രാത്രി 10 മണിവരെ ഇവിട്ട് ഇടവിട്ട് ഇത്തരത്തില്‍ മര്‍ദ്ദനം തുടര്‍ന്നു.അപ്പോഴേയ്ക്കും തളര്‍ന്ന് അവശനായിരുന്നു.
നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത ആവസ്ഥയായി. ഓരോതവണ മര്‍ദ്ദനം കഴിയുമ്പോഴും എഴുന്നേറ്റ് നിന്ന് തുള്ളാന്‍ പൊലീസുകാര്‍ പറയും .ആദ്യമൊക്കെ അങ്ങിനെ ചെയ്തു.തളര്‍ന്നുവീണതോടെ രണ്ട് കൈകള്‍ക്കിടയില്‍ക്കൂടി ലാത്തി കടത്തി ഇരുവശത്തും പൊലീസുകാര്‍ നിന്ന് പൊക്കി ..താഴ്‌ത്തി ‘ തുള്ളല്‍ ‘ പൂര്‍ത്തിയാക്കുകയായിരുന്നു. തളര്‍ന്ന് വീണപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെങ്കിലും തന്നില്ല.പിന്നെ കാല്‍വെള്ളയില്‍ ചൂരനടിക്കാന്‍ തുടങ്ങി…ഇതോടെ അര്‍ത്ഥബോധാവസ്ഥയില്‍ ആയി.3 മണിയായി ..നിര്‍ത്ത് നിര്‍ത്ത് എന്ന് ആരോ പറയുന്നത് കേട്ടു.പിന്നീട് മാവേലിക്കര ജയിലിലെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറെക്കുറെ സ്വബോധത്തിലേയ്ക്കെത്തുന്നത്. ജയില്‍ എത്തിച്ചതിന് ശേഷം സ്വബോധം വീണ്ടു കിട്ടുന്നതുവരെയുള്ള കാര്യങ്ങള്‍ സഹതടവുകാരും ജയില്‍ അധികൃതരും പറഞ്ഞാണ് അറിഞ്ഞത്.
”എന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിവരം കന്യാസ്ത്രീകളില്‍ ഒരാള്‍ പോലും വീട്ടില്‍ അറിയിച്ചില്ല. പൊലീസ് അറിയിച്ചത് പ്രകാരം ഭാര്യയും മക്കളും ഹരിപ്പാട് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും എന്നെ മാവേലിക്കര ജയിലിലേയ്ക്ക് മാറ്റിയിരുന്നു. മൂന്നാം ദിവസമാണ് അവര്‍ക്ക് ജയിലില്‍ എത്തി എന്നെ കാണാനായത്.എന്റെ ദയനീയ സ്ഥിതി കണ്ട് അവര്‍ വാവിട്ട് കരഞ്ഞെന്നും ഈ സമയത്ത് തെറ്റൊന്നും ചെയ്തിട്ടില്ലന്ന് അവരോടെല്ലാം ഞാന്‍ കരഞ്ഞുപറഞ്ഞിരുന്നെന്നും പിന്നീട് ഭാര്യ പറഞ്ഞ് അറിഞ്ഞു. താമസിയാതെ ഭാര്യയും മക്കളും ആഭ്യുദയകാംക്ഷികളില്‍ ചിലരും ചേര്‍ന്ന് എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി കോടതിയെ സമീപിക്കുകയായിരുന്നു”. ജോണ്‍സണ്‍ പറയുന്നു.
ഈ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഇടപെടലാണെന്ന് പ്രതിഭാഗം അഭിഭാഷക അഡ്വ.സീമ രവീന്ദ്രന്‍ പറഞ്ഞു.സ്‌കൂള്‍ വിട്ട് അഞ്ച് മിനിട്ടിനുള്ളില്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുകയായിരുന്നു സാധാരണ രീതി. ആയമാരോ ടീച്ചര്‍മാര്‍ ആരെങ്കിലുമോ ആയിരിക്കും വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാന്‍ എത്തുക.ഈ 5 മിനിട്ടിനുള്ളില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിനിയെ ബസ്സില്‍ നിന്നും വിളിച്ചിറക്കി മുറിയില്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പ്രൊസിക്യൂഷന്റെ വാദം.
ഇത് ഒരിക്കലും സാധ്യമാവില്ലെന്ന് കാര്യ-കാരണങ്ങള്‍ നിരത്തി പ്രതിഭാഗം വാദിച്ചു.പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം ,മൊഴികളിലെ പൊരുത്തക്കേട്,സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയില്ല തുടങ്ങി നിരവധി ഘടകങ്ങള്‍ കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായതായി അഡ്വ. സീമ രവീന്ദ്രന്‍ വ്യക്തമാക്കി. സ്‌കൂളില്‍ പീഡനം നടന്നു എന്നുപറയുന്ന മുറയിയുടെ ഭാഗത്തേയ്ക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ഇത് പരിശോധിച്ചാല്‍ സത്യം പുറത്തുവരുമെന്നും പ്രതിഭാഗം കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു.എന്നാല്‍ ഇത് പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല.
ഡി എന്‍ എ ടെസ്റ്റിനുള്ള സന്നദ്ധയും പ്രതിഭാഗം അറിയിച്ചു. പ്രോസിക്യൂഷന്‍ 22 സാക്ഷികളെയും പ്രതിഭാഗം രണ്ട് സാക്ഷികളെയും കോടതിയില്‍ ഹാജരാക്കി.വസ്തുകള്‍ വിശദമായി പരിശോധിച്ച കോടതി ഏപ്രില്‍ 28 -ന് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ജോണ്‍സണ്‍ വാക്കുകള്‍ ചുരുക്കി. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പ്രതീപ് കിടങ്ങറയും കോടതിയില്‍ ഹാജരായിരുന്നു.