കോട്ടയം : മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ പിതാവിൻറെ സുഹൃത്തിന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. വെളൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി കരിങ്കുന്നം വടക്കേക്കര ഗിരീഷ് വി.ജിയെയാണ് കോട്ടയം ജില്ല അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി കെ.എസ് സുജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. ഇന്ത്യൻ ശിക്ഷാ നിയമം 376 (2 ) (n), പോക്സോ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മുൻപ് കോടതി ആജീവനാന്ത തടവ് വിധിച്ചിരുന്നു.
2018ലെ പ്രളയകാലത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവ് മരിച്ചു പോയതാണ്. പിതാവും പെൺകുട്ടിയും വീട്ടിൽ തനിച്ചായിരുന്നു താമസം. 2018ലെ പ്രളയകാലത്ത് വീട്ടിൽ വെള്ളം കയറിയതോടെ പെൺകുട്ടിയും പിതാവും സുഹൃത്തിൻറെ വീട്ടിൽ അഭയം തേടി. ഇവിടെവെച്ച് പിതാവിന്റെ സുഹൃത്തിന്റെ പീഡനത്തിന് പെൺകുട്ടി ഇരയാവുകയായിരുന്നു ആവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് പിതാവും സുഹൃത്തും ചേർന്ന് നടത്തിയ ഗൂഢാലോചനയ്ക്കൊടുവിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് പൊലീസിനെ അറിയിച്ചു. ഇതനുസരിച്ച് പൊലീസ് ഇതര സംസ്ഥാന തൊഴിലാളിക്കായി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് സംഘം പെൺകുട്ടിയെയും പിതാവിനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തിറങ്ങിയത്.
വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ രാത്രിയിൽ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഇതോടെ പിതാവിനെതിരെയും പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ ഡി എൻ എ പരിശോധനയിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയത് പിതാവ് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് കേസിന്റെ വിചാരണ നടത്തി പിതാവിനെ ആജീവനാന്ത തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ പിതാവിൻറെ സുഹൃത്തിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും, 16 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. ഇൻസ്പെക്ടർമാരായ രഞ്ജിത്ത് വിശ്വനാഥും , മഞ്ജുദാസുമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം എൻ പുഷ്ക്കരൻ കോടതിയിൽ ഹാജരായി.