കോട്ടയം : ഹർത്താലിൽ കർശന സുരക്ഷയുമായി കോട്ടയം ജില്ലാ പോലീസ്. ഹർത്താലിനോടനുബന്ധിച്ച് നാളെ ശക്തമായ പോലീസ് സുരക്ഷ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു . ഇതിനായി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആയിരത്തി ഇരുന്നൂറോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട് . കൂടാതെ ജില്ലയിലെ മുഴുവന്‍ പോലീസുദ്യോഗസ്ഥരെയും സജ്ജരാക്കിനിര്ത്തിയിട്ടുണ്ട് . സർക്കാർ ഓഫീസുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ബസ്റ്റാൻഡുകൾ , റയില്‍വേ സ്റ്റേഷനുകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും രാത്രിയില്‍ മുതല്‍ വാഹന പരിശോധന ശക്തമാക്കി. വിവിധ സ്ഥലങ്ങളിലായി പ്രത്യേകം ബൈക്ക് പട്രോളിംഗ് ,കണ്ട്രോള് റൂം വാഹനങ്ങള്‍, മഫ്ടി പോലീസുകാര്‍ എന്നിവരെയും സജ്ജരാക്കിയിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ കടകൾ നിർബന്ധമായും അടപ്പിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും . ഹർത്താലുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണെന്നും എസ്.പി.അറിയിച്ചു.