കോട്ടയം : അമ്മയെ നോക്കാൻ ശമ്പളമില്ലാതെ ഒരു വർഷത്തെ അവധി ചോദിച്ചിട്ടും അനുവദിച്ചില്ല, തൊട്ടുപിന്നാലെ അച്ചടക്കനടപടിക്ക് മെമ്മോ ലഭിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. ഞായറാഴ്ച പുലർച്ചയാണ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എസ്ഐ കെ.രാജേഷിനെ (53) കാണാതായത്. സംഭവത്തിൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയില്ല. തുടർന്നാണ് ബന്ധുക്കളുടെ പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രാജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഇദ്ദേഹത്തിൻറെ അവസാന ലൊക്കേഷൻ കാണിച്ചിരിക്കുന്നത് , ഏറ്റുമാനൂരിലാണ്.
സ്വന്തമായുള്ള ഇന്നോവ വാഹനത്തിലാണ് ഇദ്ദേഹം പോയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടർന്ന് ഇദ്ദേഹം പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനം നടത്തണമെന്ന നിർദ്ദേശമനുസരിച്ച് ഇദ്ദേഹം വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ നീന്തൽ അറിയാത്തതിനാൽ വെള്ളത്തിൽ ഇറങ്ങാതെ മടങ്ങി. ഇതിനാൽ ഒരു കുടുംബത്തിന് സഹായം ലഭിച്ചില്ലെന്ന് ആരോപണം ഉയർന്നു. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിക്ക് മെമ്മോ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാജേഷിനെ കാണാതായിരിക്കുന്നത്. പോലീസ് സേനയിൽ തുടർച്ചയായി ആത്മഹത്യകളും തമ്മിലടിയും തിരോധാനവും തുടരുന്നതിൽ ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥർ.