കോട്ടയം: പൊന്നുവിന് ഓണം പൊന്നോണമായി. കൃഷ്ണനായി വേഷമിട്ട പൊന്നുവിനുള്ള സമ്മാനം മാവേലിയെത്തിയപ്പോൾ കയ്യിലെത്തി. സന്തോഷ സമ്മാനം ലഭിച്ച ആശ്വാസത്തിൽ പൊന്നുവിന് ഇനി ഓണം ആഘോഷിക്കാം. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ലിറ്റിൽ ബൈറ്റ്സ് ബേക്കറി നടത്തിയ ഫോട്ടോ കോൺടസ്റ്റിൽ വിജയിച്ച കടുവാക്കുളം സ്വദേശി അനു രമേശിന്റെ മകൻ പൊന്നുവിന് സമ്മാനം വിതരണം ചെയ്യുന്നതു സംബന്ധിച്ചുള്ള തർക്കം വിവാദമായി മാറിയിരുന്നു. ഇതേ തുടർന്ന് അനു രമേശ് തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ വിവരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ആദ്യം ലിറ്റിൽ ബൈറ്റ്സ് ബേക്കേഴ്സ് മാപ്പ് പറഞ്ഞു. പിന്നീടാണ് വിഷയത്തിൽ കുട്ടിയ്ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച്് നേരിട്ട് സമ്മാനം നൽകിയത്.
മന്ത്രി വി.എൻ വാസവനാണ് ലിറ്റിൽ ബൈറ്റ്സിനു വേണ്ടി പൊന്നുവിന് സമ്മാനം നൽകിയത്. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ , ലിറ്റിൽ ബൈറ്റ്സ് ജനറൽ മാനേജർ സ്റ്റെനി, സജിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.