കൊച്ചി : സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ നാളെ മുതല്‍ തിയറ്ററുകളിലേക്ക്. ജൂലൈ 15ന് പ്രദര്‍ശനത്തിന് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. റിലീസിന് ഇനി ഒരു ദിവസം കൂടി മാത്രം. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്‌ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്.
കോട്ടയം എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോസ്ഥനായ നിധീഷ് ജി എഴുതിയ കഥയ്ക്ക് നിധീഷും പൊലീസുകാരനായ ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സാങ്കേതിക മേഖലയില്‍ മലയാള സിനിമയില്‍ ഒട്ടനവധി പുതുമകള്‍ അവകാശപെടാവുന്ന ഈ പുതിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ തോതിലാണ് പ്രശംസകള്‍ ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മിക്‌സിംഗ് ഘട്ടം പൂര്‍ത്തിയാക്കിയ അനുഭവവും ആവേശവും സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനില്‍ ജോണ്‍സന്റെ കുറിപ്പ്
‘തിരുവനന്തപുരം ഏരീസ് വിസ്മയ മാക്‌സില്‍ വെച്ച് ഇലവീഴാപൂഞ്ചിറയുടെ മിക്‌സിംഗും മാസ്റ്ററിങ്ങും പൂര്‍ത്തിയാക്കി. എന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരവും മറക്കാന്‍ കഴിയാത്തതുമായ അനുഭവമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ഈ ടീമിനൊപ്പം പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഇവരുടെ മികവിനോട് ആരാധന തോന്നിപ്പിക്കുന്നതായിരുന്നു. ഇവര്‍ക്കൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ തോന്നിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ ഓഡിയോ ഡിപാര്‍ട്‌മെന്റിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച അഭിമാനകരമായ നേട്ടമാണ്. ചിത്രത്തിന്റെ പ്രീ മിക്‌സിംഗ് നടന്നത് ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍ വെച്ചാണ്. ഈ ചിത്രത്തിന്റെ നട്ടെല്ലായ സംവിധായകന്‍ ഷാഹി കബീറിനോട് നന്ദി അറിയിക്കുന്നു. എന്റെ വര്‍ക്കില്‍ നിങ്ങള്‍ കാത്ത് സൂക്ഷിച്ച ആത്മവിശ്വാസത്തിനും ഇതുപോലെ ഒരു അത്യുജ്ജ്വലമായ ചിത്രത്തില്‍ എന്നെ ഭാഗമാക്കിയതിനും’
ചിത്രത്തിന്റെ സംവിധായകന്‍ ഷാഹി കബീര്‍, നിര്‍മാതാവ് വിഷ്ണു വേണു, ഛായാഗ്രഹകന്‍ മനേഷ് മാധവന്‍, നിര്‍മാതാവ് വിഷ്ണു വേണു, തിരക്കഥ രചിച്ച നിധീഷ്. ജി, ഷാജി മാറാട്, പ്രധാന അഭിനേതക്കളായ സൗബിന്‍ ഷാഹിര്‍, സുധീ കോപ്പ എന്നിവരെയും ഈ ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട എല്ലാ പ്രവര്‍ത്തകരെയും മെന്‍ഷന്‍ ചെയ്ത് പ്രത്യേകം പരാമര്‍ശിച്ച് കൊണ്ടാണ് ആവേശത്തോടെ അനില്‍ ജോണ്‍സണ്‍ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ‘ഇലവീഴാപൂഞ്ചിറ’യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായി നിരവധി വര്‍ഷത്തെ സേവനമുള്ള ഷാഹി കബീര്‍ തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് ‘നായാട്ട്’, ‘ജോസഫ്’ എന്നിവ. ജനപ്രീതിയും ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരൂപക പ്രശംസയും നേടിയ വ്യത്യസ്തമായ പോലീസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായി ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഷാഹി കബീര്‍ ഇതാദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്നതും അത്യന്തം വ്യത്യസ്തമായ ഒരു പോലീസ് സ്റ്റോറി ഒരുക്കികൊണ്ടാണ്.
ഛായാഗ്രഹണം: മനേഷ് മാധവന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: അനില്‍ ജോണ്‍സണ്‍, രചന: നിധീഷ്, തിരക്കഥ: നിധീഷ് – ഷാജി മാറാട്, ഡി. ഐ/കളറിസ്റ്റ്: റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, സൗണ്ട് മിക്‌സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, സ്റ്റുഡിയോ: ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ), എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: അഗസ്റ്റിന്‍ മസ്‌കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേയ്ക്കപ്പ്: റോണക്‌സ് സേവ്യര്‍, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ജിത്തു അഷ്‌റഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: റിയാസ് പട്ടാമ്ബി, വി എഫ് എക്‌സ്: മൈന്‍ഡ് സ്റ്റീന്‍ സ്റ്റുഡിയോസ് – എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ്: നിദാദ് കെ.എന്‍, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.