കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ അറവുശാല മാലിന്യം കത്തിച്ച് ഉരുക്കി നെയ്യാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. അറവുശാലകളിൽ നിന്നും ചിക്കൻകടകളിൽ നിന്നുമുള്ള മാലിന്യം ഇവിടെ എത്തിച്ച് കത്തിച്ച് ഉരുക്കി നെയ്യാക്കാൻ ശ്രമിച്ചതാണ് വിവാദമായി മാറിയത്. അറവുശാലകളിൽ നിന്നും ചിക്കൻകടകളിൽ നിന്നുമുള്ള മാലിന്യമാണ് ഇവിടെ എത്തിച്ച് കത്തിച്ച് ഉരുക്കിയത്. പൂവൻതുരുത്ത് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന നെയ് കമ്പനിയിലാണ് ഇത്തരത്തിൽ അറവുശാല മാലിന്യവും ചിക്കൻകടകളിൽ നിന്നുള്ള മാലിന്യവും കത്തിച്ചത്. ഇതേ തുടർന്ന് പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും പുകയും പ്രദേശമാകെ നിറഞ്ഞു.
തുടർന്ന്, നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി സ്ഥാപനത്തിൽ എത്തിയതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപെട്ടു. പിന്നീട്, നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. പുഴുക്കൾ അടങ്ങിയ മാലിന്യമാണ് ഇവിടെ എത്തിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുഴുക്കളും, അഴുകിത്തുടങ്ങിയ മാലിന്യവുമാണ് നെയ്യാക്കാൻ ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തിലുള്ള മലിനമായ നെയ് വിപണിയിൽ എത്തിക്കുന്നതായും പരാതിയുണ്ട്. ഇവിടെ സ്ഥാപനം പ്രവർത്തിക്കുന്നതിനു ലൈസൻസ് ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.