കോട്ടയം : പ്രസവ വേദന കൊണ്ട് പുളഞ്ഞ നാടോടി സ്ത്രീയെ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് റെയിൽവേയുടെ ശുഭയാത്ര. അമിത രക്തസ്രാവം കൊണ്ട് പ്ലാറ്റ്ഫോമിൽ കിടന്നു പുളഞ്ഞിട്ടും തിരിഞ്ഞു നോക്കാതിരുന്ന അധികൃതർ , രക്ഷിക്കാൻ ഒപ്പം നിന്ന മലയാളി യുവാക്കളെയും തിരിഞ്ഞുനോക്കിയില്ല. അരമണിക്കൂറോളം റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്ന നാടോടി സ്ത്രീയെ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പിറവം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു നാടക സംഭവങ്ങൾ.
കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു കോട്ടയം സ്വദേശികളായ അരുൺ പി. രാജും , സന്ദീപ് എസും. ഇരുവരും കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേയ്ക്കാണ് ട്രെയിന് ടിക്കറ്റ് എടുത്തത്. എന്നാൽ , ഇവരുടെ സ്ലീപ്പർ ടിക്കറ്റ് കൺഫോം ആയി ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പുള്ള സ്റ്റേഷൻ ആയ പിറവം റെയിൽവേ സ്റ്റേഷനിൽ ഇരുവരും ഇറങ്ങി. പിന്നിലെ ജനറൽ കമ്പാർട്ട്മെന്റിൽ കയറുന്നതിനായാണ് യുവാക്കൾ പുറത്തിറങ്ങിയത്. പിറവം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്ലാറ്റ്ഫോമിലെ ബഞ്ചിൽ ഗർഭിണിയായ ഒരു യുവതിയും കുഞ്ഞും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർക്കൊപ്പം ഒരു പെൺകുട്ടിയും ഒരു യുവാവും നിൽക്കുന്നുണ്ടായിരുന്നു. ഇവരുടെ അടുത്തുചെന്ന് കാര്യം തിരക്കിയപ്പോഴാണ് പ്രസവവേദന എടുത്ത യുവതിയെ ട്രെയിനിൽ നിന്നും ഇറക്കി വിട്ടതാണ് എന്ന് തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇവരെ ഗൗനിക്കാനോ ഇവരുടെ കാര്യം പരിഗണിക്കാനോ റെയിൽവേ അധികൃതരോ പിറവം സ്റ്റേഷൻ അധികൃതരോ തയ്യാറായില്ല. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കാൻ പോലും അധികൃതർ ആരും തന്നെ മുൻകൈ എടുത്തില്ല. ഇവർക്കൊപ്പം സഹായത്തിനായി ഉണ്ടായിരുന്നത് കരുനാഗപ്പള്ളി സ്വദേശിയായ യുവാവും ഇയാളുടെ സഹയാത്രക്കാരിയായ യുവതിയും ആയിരുന്നു. എറണാകുളത്ത് പരീക്ഷ എഴുതാൻ പോവുകയായിരുന്ന ഇരുവരും നാടോടി സ്ത്രീയുടെ അസ്വസ്ഥതകൾ കണ്ട് സഹായത്തിനായാണ് പിറവം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. എന്നാൽ ഇവരെയും പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു.
കോട്ടയം സ്വദേശികളായ അരുണും സന്ദീപും ഗർഭിണിയായ സ്ത്രീയെ സഹായിക്കാൻ ഇവർക്കൊപ്പം സഹായത്തിനായി കൂടി. ഇരുവരും ട്രെയിൻ അധികൃതരോടും റെയിൽവേ സ്റ്റേഷൻ അധികൃതരോടും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. ഒടുവിൽ അരമണിക്കൂറോളം പണിപ്പെട്ട ശേഷമാണ് പോലീസിന്റെയും ആംബുലൻസിന്റെയും സഹായത്തോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ സഹായികളായ അരുണിന്റെയും സന്ദീപിന്റെയും , കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെയും യുവതിയുടെയും യാത്ര മുടങ്ങുകയും ചെയ്തു. യുവാവിനും യുവതിക്കും ഒപ്പം പരീക്ഷ എഴുതുന്നതിനായി ഇതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളുടെ സംഘം തൃപ്പൂണിത്തറയിൽ ഇരുവരെയും കാത്ത് ഇറങ്ങി നിൽക്കുകയായിരുന്നു.
യാതൊരുവിധ മനുഷ്യത്വവും ഇല്ലാത്ത പ്രവർത്തിയിലൂടെയാണ് ഇന്ത്യൻ റെയിൽവേ സാധാരണക്കാരായ നാടോടി സ്ത്രീയെ പരിഗണിച്ചത്. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു സ്ത്രീയ്ക്ക് അടിയന്തിര വൈദ്യസഹായം പോലും ഏർപ്പെടുത്തി നൽകാൻ റെയിൽവേ അധികൃതർ തയ്യാറായില്ല. ഇത് കൂടാതെയാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നു നാലുപേരുടെ യാത്ര മുടങ്ങിയിട്ടും മറ്റ് സഹായങ്ങൾ ഒന്നും നൽകാൻ റെയിൽവേ തയ്യാറാകാതിരുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.