അശാസ്ത്രീയമായ ഡയറ്റുകൾ ഉയർത്തുന്ന അപകട സാധ്യതകൾ; അറിയാം… 

തനിക്ക് വണ്ണം കൂടുതലാണെന്ന തോന്നലായിരുന്നു കണ്ണൂർ സ്വദേശിനിയായ  18 കാരിയെ അലട്ടിയിരുന്നത്. ആ തോന്നലിൽ നിന്നാണ് യൂട്യൂബ് വീഡിയോകൾ നോക്കി ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് ചിന്തയിൽ അവൾ എത്തിയത്. പക്ഷേ അതിന് ആ പെൺകുട്ടി കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. യൂട്യൂബ് വീഡിയോകളിൽ കണ്ട അശാസ്ത്രീയമായ ഭക്ഷണക്രമീകരണങ്ങൾ പിന്തുടർന്ന്  ഭക്ഷണത്തിൻറെ അളവ് ക്രമാതീതമായി കുറച്ചതിനെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാലാണ് അവൾ ധാരുണമായി മരണപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

Advertisements

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്നതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകേണ്ടി വന്നവർ ഉണ്ട്. അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മറ്റൊരു  സംഭവത്തിൽ ഇൻറർനെറ്റിൽ പ്രശസ്തമായ കാർണിവോർ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് ഒരു യുവതി ഗുരുതരമായ വൃക്ക രോഗത്തിനാണ് ഇരയാക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സോഷ്യൽ മീഡിയ താരമായ ജിസ്മാ വിമൽ താൻ രണ്ടുമാസം കൊണ്ട് വാശി പുറത്ത് വണ്ണം കുറച്ച അനുഭവം  ഒരു ഓൺലൈൻ മീഡിയയിൽ പങ്കുവെച്ചത്. അതിൽ അവർ പറയുന്നത് നന്നായി ഭക്ഷണം കഴിക്കുമായിരുന്ന താൻ ദിവസങ്ങളോളം പട്ടിണി കിടന്നതിനെ ‘  തുടർന്ന് ആമാശയും ചുരുങ്ങിപ്പോകുന്നതുപോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ  നേരിടേണ്ടി വന്നു എന്നാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറിവില്ലായ്മ കൊണ്ടോ കാര്യങ്ങളെ നിസ്സാരമായി കരുതുന്നതുകൊണ്ടോ എന്ന് അറിയില്ല അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്ന്  ആരോഗ്യം അപകടത്തിൽ ആക്കുന്ന നിരവധി ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അശാസ്ത്രീയമായ രീതിയിൽ ഭക്ഷണ ക്രമീകരണം നടത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന കാര്യം മറക്കരുത്. ഭക്ഷണ ക്രമീകരണം അഥവാ ഡയറ്റ് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അശാസ്ത്രീയമായ ഡയറ്റുകൾ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് വിശദമാക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ ക്ലിനിക്കൽ  ഡയറ്റീഷൻ റ്റീന ജോൺ. 

ഡയറ്റ് കുട്ടിക്കളിയല്ല

 പ്രതിദിനം പുരുഷന്മാർക്ക് 2500 കലോറിയും   പ്രായവും പ്രവർത്തന നിലയും അനുസരിച്ച് സ്ത്രീകൾക്ക് പ്രതിദിനം 2000 കലോറിയും ആവശ്യമാണ്. ഈ അളവിൽ കുറവ് വരുത്തുന്നത് ശരീരത്തിൽ പല പ്രത്യാഘാതങ്ങൾക്കും കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കിയുള്ള അശാസ്ത്രീയമായ ഡയറ്റ് ഒരു വ്യക്തി അയാളുടെ ശരീരത്തെ സ്വയം അപകടപ്പെടുത്തുന്നതിന് തുല്യമാണ്. ‘

പട്ടിണി കിടന്ന ഭക്ഷണക്രമീകരണം നടത്തി ശരീര ഭാരം കുറയ്ക്കുന്നതിനെ പൊതുവിൽ ക്രാഷ് ഡയറ്റ് എന്നാണ് പറയുന്നത്. ഇത്തരം ഡയറ്റുകൾ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ചിലരെയെങ്കിലും സഹായിച്ചേക്കാം എന്നാൽ അറിഞ്ഞിരിക്കേണ്ടത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളും ഇതേ പിന്തുടർന്ന് വരാനുള്ള സാധ്യതയുണ്ട് എന്നാണ്.

ക്രാഷ് ഡയറ്റുകളിൽ കലോറി അമിതമായ അളവിൽ കുറയ്ക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. അതിനാൽ താൽക്കാലികമായി ശരീരഭാരം കുറഞ്ഞാലും പിന്നീട് സാധാരണഗതിയിൽ എപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങുന്നോ അപ്പോൾ മുതൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്.

വ്യക്തിപരമായ ആരോഗ്യ അവസ്ഥയും ശരിയായ രോഗനിർണയവും പരിഗണിച്ചല്ലാതെ യാതൊരു കാരണവശാലും ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഡയറ്റുകളുടെ പിന്നാലെ പോകരുത്. സ്ഥിരതയുള്ളതും ആരോഗ്യകരവുമായ ഭക്ഷണരീതിയും വ്യായാമവും ആണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്.

പ്രോട്ടീൻ അമിതമായാൽ ആപത്ത്

ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് പ്രോട്ടീൻ. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷഫലങ്ങളും ഉണ്ടാക്കാം. ഓരോരുത്തരുടെ ശരീരത്തിനും ആവശ്യമായ പ്രോട്ടീൻ കഴിക്കുക എന്നുള്ളതാണ് പ്രധാനം. മസിൽ ഡെവലപ്മെൻറ്, കോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കാൻ, എൻസൈമുകൾ, ഹോർമോണുകൾ എന്നിവയൊക്കെ ഉല്പാദിപ്പിക്കാൻ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾക്കൊക്കെ പ്രോട്ടീൻ അത്യാവശ്യമാണ്. ഒരു സാധാരണ വ്യക്തിക്ക് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 0.8 മുതൽ1.2 ഗ്രാം വരെയാണ് ശരാശരി ആവശ്യം. കഠിനമായ രീതിയിൽ വ്യായാമം ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ അല്പം കൂടി കൂടുതൽ പ്രോട്ടീൻ ആവശ്യമുണ്ട്.

ധാരാളം ആളുകൾ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. എന്നാൽ സാധാരണ സാഹചര്യത്തിൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ ആവശ്യമില്ല. കാരണം നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും. ഉദാഹരണത്തിന് ചിക്കൻ, മത്സ്യം, പയർ പരിപ്പുവർഗ്ഗങ്ങൾ, പാൽ- പാലുൽപന്നങ്ങൾ, നട്സ്, സീഡ്സ് എന്നിവയിൽ നിന്നെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും.

പ്രോട്ടീൻ സപ്ലിമെൻറ് ഉപയോഗിക്കുന്നവർ നിർബന്ധമായും കൃത്യമായ മാർഗ്ഗനിർദ്ദേശത്തോട് കൂടി മാത്രമേ ചെയ്യാവൂ. ഡയറ്റീഷ്യന്റെയോ ബന്ധപ്പെട്ട ഡോക്ടർമാരുടെയോ ഉപദേശത്തോടെ അല്ലാതെ യാതൊരു കാരണവശാലും പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുത്. കാരണം അമിതമായ രീതിയിലുള്ള പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

ഡയറ്റുകൾ അപകടകരമാകുന്നത് എപ്പോൾ?

ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് അല്ലാതെ അശാസ്ത്രീയമായ രീതിയിൽ ഡയറ്റുകൾ പിന്തുടരുമ്പോഴാണ് അവ അപകടകരമായി മാറുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ഡയറ്റുകൾ ബാലൻസഡ് അല്ലാത്തതിനാലും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നതിനാലും ഗുരുതരമായ ആമാശയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്.

അമിതമായ ഉപവാസം, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, ഒരുപാട് മധുരം കഴിക്കുക, പാക്കറ്റ് ഫുഡുകളുടെ അമിതമായി ഉപയോഗം എന്നിവയെല്ലാം ആമാശയ പ്രശ്നങ്ങൾക്ക് കാരണമാണ്.  ആദ്യഘട്ടങ്ങളിൽ ചെറിയതോതിൽ തുടങ്ങുന്ന ഇത്തരം രോഗങ്ങൾ അസിഡിറ്റി, ഗ്യാസ് പ്രോബ്ലം, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള രോഗാവസ്ഥകളിലൂടെ കൂടുതൽ ഗുരുതരമായി മാറും. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. 

ശരീരഭാരം കുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ളതും തുടർച്ചയായിട്ട് ഉള്ളതുമായ ഒരു ഭക്ഷണക്രമമാണ്.  കലോറി കുറവുള്ളതും എന്നാൽ പോഷക സമൃദ്ധവുമായ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുത്തണം. അതുപോലെതന്നെ ബേക്കറി പലഹാരങ്ങൾ, മധുരം, ജംഗ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവരുടെ ഉപയോഗം നിയന്ത്രിക്കണം. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായുള്ള വെള്ളം കുടിക്കണം.

രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം ഒരു ദിവസം ശരീരത്തിന് ആവശ്യമാണ്. ക്രാഷ് ഡയറ്റുകൾ പോലെയുള്ള ഭക്ഷണ ക്രമീകരണങ്ങൾ ഒഴിവാക്കി സ്ഥിരതയുള്ള ഭക്ഷണ ശീലം പിന്തുടരുക. കൃത്യമായുള്ള വ്യായാമം, ഉറക്കം എന്നിവയും ഭക്ഷണ ക്രമീകരണത്തോടൊപ്പം ശീലമാക്കുന്നത് അമിതവണ്ണത്തെ ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കും.

ഒരു മാസം എത്ര കിലോ ശരീരഭാരം കുറയ്ക്കാം

0.5 മുതൽ ഒരു കിലോ വരെയാണ് ഒരു വ്യക്തിക്ക് ആരോഗ്യകരമായ രീതിയിൽ ഒരാഴ്ച കൊണ്ട് കുറയ്ക്കാൻ പറ്റുന്ന ശരീരഭാരം. അങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് രണ്ടു കിലോ മുതൽ 4 കിലോ വരെ ഒരു മാസത്തിൽ ആരോഗ്യകരമായി ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. അശാസ്ത്രീയമായ രീതിയിൽ ഇതിൽ കൂടുതൽ ശരീരഭാരം ഒരു മാസം കുറയ്ക്കുമ്പോഴാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും പോഷകാഹാരങ്ങളുടെ കുറവ് മൂലം ഗുരുതരമായ രോഗാവസ്ഥകളിലേക്ക് എത്തിച്ചേരുന്നതും

ഉപ്പ്, മധുരം, എണ്ണ

എല്ലാ വ്യക്തികളും അവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏതെങ്കിലും ഒക്കെ വിധേന ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങളാണ്  ഉപ്പ്, മധുരം, എണ്ണ എന്നിവ. അമിതമായി അളവിൽ ഉപയോഗിച്ചാൽ തീർച്ചയായും ശരീരത്തെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവ മൂന്നും. ഡബ്ലിയുഎച്ച്ഒയുടെ പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം ഉപ്പിന്റെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതമായ ബ്ലഡ് പ്രഷർ, വൃക്ക സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിങ്ങനെയൊക്കെയുള്ള രോഗാവസ്ഥകൾ  ഉപ്പിന്റെ ഉപയോഗംകൊണ്ട് കൂടിവരുന്നതായാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഡബ്ലിയു എച്ച് ഒ അനുശാസിക്കുന്നത് ഒരു ദിവസം ഒരു വ്യക്തിക്ക് രണ്ട് ഗ്രാമിൽ താഴെ മാത്രമേ ഉപ്പിന്റെ അളവ് പാടുള്ളൂ എന്നാണ്. അതുപോലെതന്നെ നിർബന്ധമായും അഞ്ച് ടീസ്പൂണിൽ താഴെ മാത്രമാണ് ഒരു ദിവസം ഒരു വ്യക്തിയ്ക്ക് പരമാവധി ഉപയോഗിക്കാവുന്ന പഞ്ചസാരയുടെ അളവ്. സമാനമായ രീതിയിൽ തന്നെ എണ്ണയുടെ അളവും നിയന്ത്രിതമാണ്. ഏകദേശം 5 മുതൽ 6 ടീസ്പൂൺ മാത്രമാണ് ഒരു വ്യക്തി ഒരു ദിവസം ഉപയോഗിക്കേണ്ട എണ്ണയുടെ അളവ്.

മാനസികാരോഗ്യവും പ്രധാനം

ഡയറ്റ് ഒരു വ്യക്തിയുടെ ശരീര ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.  പോസിറ്റീവായ രീതിയിലും നെഗറ്റീവ് ആയ രീതിയിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കാം. പോഷക കുറവ് കൊണ്ടുണ്ടാകുന്ന ചില വൈറ്റമിനുകളുടെയും മിനറൽസിന്റെയും അഭാവം ഒരു വ്യക്തിയെ വിഷാദരോഗം, അമിതമായ ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് ഒക്കെ തള്ളി വിടാനുള്ള സാധ്യത കൂടുതലാണ്.എന്നാൽ അതേസമയം തന്നെ കൃത്യമായ രീതിയിലുള്ള ഡയറ്റുകളും വ്യായാമങ്ങളും ആണ് പിന്തുടരുന്നതെങ്കിൽ അത് ശരീരത്തിൽ ഹാപ്പി ഹോർമോണുകളുടെ കൂടുതൽ ഉൽപാദനത്തിന് കാരണമാകും. അത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വ്യക്തികളെ സഹായിക്കാം. അതിനാൽ ഓർക്കേണ്ടത് ഡയറ്റുകളെ പൂർണ്ണമായി തള്ളിക്കളയുകയോ അന്ധമായി  വിശ്വസിക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് ശാസ്ത്രീയമായ രീതിയിൽ ആരോഗ്യവിദഗ്ധരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ  പിന്തുടരുകയാണ് വേണ്ടത്.

Hot Topics

Related Articles