പത്തനംതിട്ടയിൽ തോക്കടക്കമുള്ള മാരകായുധങ്ങൾ പിടിച്ചെടുത്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു: താൻ ഇരട്ടക്കൊലപാതക കേസ് പ്രതിയെന്ന് വെളിപ്പെടുത്തി ക്രിമിനൽ ; റിമാന്റ് ചെയ്തത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

തിരുവല്ല : പിസ്റ്റൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പിടിച്ച കേസിലെ പ്രതി നൗഫലിനെ റിമാൻഡ് ചെയ്തു. ഇയാളെ ഇന്നലെ രാത്രി വൈകുവോളം ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. അഡിഷണൽ എസ്പി ബിജി ജോർജ്ജ്, നർകോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരൻ, ഡി സി ആർ ബി ഡിവൈഎസ്പി എസ് വിദ്യാധരൻ, പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും, കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Advertisements
   പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്. തമിഴ്നാട്ടിൽ ഒരു കൊലപാതക കേസിൽ പ്രതിയെന്ന് ഇന്നലെ പറഞ്ഞ നൗഫൽ, പിന്നീട് അത് ഇരട്ടക്കൊലപ്പാതക മായിരുന്നെന്ന് വിശദമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ ഭാഗമായിട്ടായിരുന്നു ഒരുവീട്ടിലെ രണ്ടുപേരെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊന്നത്, .2015  ആഗസ്റ്റ്‌ 23  രാത്രിയാണ് സംഭവം. വെട്ടിക്കൊന്നു എന്നാണ് ഇന്നലെ ഇയാൾ പൊലീസിനോട് പറഞ്ഞത്. സ്വർണപ്പണയത്തിന്മേൽ പണം കടം കൊടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും മാനേജരെയും വകവരുത്താനായിരുന്നു ക്വട്ടേഷൻ കിട്ടിയത്. 

സ്ഥാപന ഉടമയുടെ വീട്ടിൽ കയറിചെല്ലുമ്പോൾ, ആദ്യം ഇറങ്ങിവന്നത് ഒരു സ്ത്രീയായിരുന്നു. ഉടമസ്ഥൻ എവിടെയെന്നു ചോദിച്ചുകൊണ്ട് വീട്ടിനുള്ളിൽ കയറിയ ഒമ്പതംഗ സംഘത്തിലെ മൂന്നുപേർ, അവരുടെ വായിൽ തുണിതിരുകി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്നു സ്ഥാപന ഉടമയെയും ഇതേ രീതിയിൽ കൊലപ്പെടുത്തി. ഇരുവരും മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സ്വർണ ആഭരണങ്ങളും പണവും കവർന്നെടുത്തു. കേസിൽ അഞ്ചാം പ്രതിയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്, എന്നാൽ വീട്ടിനുള്ളിൽ കടന്ന് കൊല നടത്തിയ മൂവരിൽ ഒരാൾ നൗഫൽ ആയിരുന്നെന്നു വെളിവായിട്ടുണ്ട്. ഇതിൽ ഒന്നെകാൽ ലക്ഷം രൂപ മാത്രമാണ് തനിക്ക് കിട്ടിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വീട്ടിനുള്ളിൽ മൂന്നുപേർ കൃത്യം നടത്തുമ്പോൾ 2 പ്രതികൾ പുറത്തുനിന്നു. ബാക്കിയുള്ളവർ പുറത്തു റോഡുവക്കിൽ കൊലപാതകം കഴിഞ്ഞു ഇവരെയുമായി രക്ഷപ്പെടാൻ കാത്തുനിൽക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ പ്രതികളെയും തമിഴ്നാട് പോലീസ് അന്വേഷണ സംഘം പിടികൂടുകയുണ്ടായി. കൊല്ലപ്പെട്ട വീട്ടുടമസ്ഥന്റെ കിടപ്പുമുറിയുടെ മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ ആക്രമണം നടത്തിയ ക്വ ട്ടേഷൻ സംഘത്തിന്റെ കണ്ണിൽ പെട്ടില്ല. കുറെയേറെ ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും, കഞ്ചാവ് കടത്തുന്നതിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. സാമ്പത്തിക ഇടപാടുകളായി ബന്ധപ്പെട്ടുള്ള ക്വട്ടേഷൻ ഗുണ്ടാ പ്രവർത്തനങ്ങാണ് സംഘം ഏറ്റെടുത്ത് നടത്താറ്. ഇരട്ട കൊലപാതക കേസിൽ ഒന്നാം പ്രതി വിജി എന്നയാളാണ്. ഇന്നലെ പിടികൂടുമ്പോൾ ഇരുതലയുള്ള സ്റ്റീലിൽ നിർമിച്ച പ്രത്യേകതരം കത്തി ഉൾപ്പെടെ നിരവധി മാരകയുധങ്ങളാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും കണ്ടെടുത്തത്. അമർത്തിയാൽ നിവരുന്ന തരത്തിലുള്ളതാണ് കത്തി.

    വീട്ടുടമസ്ഥന്റെ കയ്യിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാങ്ങിയ ഡാൻസാഫ് സംഘം,  4 പോലീസുദ്യോഗസ്ഥരെ വീട്ടിനുള്ളിൽ കയറ്റിവിട്ട ശേഷം ബാക്കിയുള്ളവർ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പുറത്ത് കാത്തുനിന്നു.  വാടകവീടിന്റെ ഉടമ തൊട്ടടുത്ത വീട്ടിലാണ് താമസം, അവിടെയായി പോലീസ് സംഘം വലവിരിച്ചു കാത്തുനിന്നു. അവിടെ നിന്നാൽ ഇരുനില വാടകവീടും പരിസരവും കൃത്യമായി കാണാവുന്ന തരത്തിലാണ്. ഓട്ടോയില്‍ വീട്ടിനു സമീപം വന്നിറങ്ങിയ പ്രതിയെ പുറത്തു കാത്തു നിന്ന പോലീസ് സംഘം ഓടിപ്പോകാനുള്ള ശ്രമത്തിനുപോലും സമയം നൽകാതെ ഇയാളെ കീഴടക്കുകയായിരുന്നു . 4 മിനുട്ടിനുള്ളിലാണ് ഇത്രയും സംഭവിച്ചത്. 2014 ൽ കഞ്ചാവ് കടത്തിയതിന് പത്തനംതിട്ടയിൽ ഇയാള്‍ മുന്‍പ് പിടിയിലായിട്ടുണ്ട് .

   പ്രതി  പുതിയ ക്വട്ടേഷനുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അതിനായാണ് ഇവിടെ ഇയാൾ വാടകയ്ക്ക് കഴിഞ്ഞുവന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലാണ് ഒരു വർഷമായി താമസിക്കുന്നത്. തമിഴ്നാടുള്ള സംഘത്തിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോ ടെ പോലീസ് കണ്ടെത്തി. ഇയാളുടെ ഫോൺ കാളുകളുടെ വിശദശങ്ങൾ പോലീസ് ശേഖരിച്ചു.
   കോടതിയിൽ വിവിധ കേസുകളിൽ ഹാജരാകുന്നതിനും കഞ്ചാവ് കടത്തുന്നതിനും ഇയാൾ നാട്ടിലെത്താറുണ്ട്. കൊലപാതക കേസിന്റെ അവധി ഈമാസം 28 ന് വച്ചിട്ടുണ്ടെന്നും, കൂട്ടത്തിലെ ഒരു പ്രതിയുടെ വിവാഹം രണ്ടുമാസം മുമ്പ് നടന്നുവെന്നും, ചടങ്ങിൽ പങ്കെടുത്തില്ലെന്നും പ്രതി പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

    കൊലപാതകം വെട്ടി പരിക്കേൽപ്പിച്ചായിരുന്നു എന്നാണ് ഇയാൾ എല്ലാരോടും പറഞ്ഞ് ഭയപ്പെടുത്തിയിരുന്നത്. അതിന് രണ്ട് കാരണങ്ങളും ചൂണ്ടിക്കാട്ടി, അതായത് വായിൽ തുണി തിരുകി കൊലപ്പെടുത്തുന്നതിലെ  'നിസ്സാരഭാവം'  ആളുകയിൽ ഭീതി ജനിപ്പിക്കില്ലെന്നും, വെട്ടികൊലപ്പെടുത്തി എന്ന് പറയുന്നതാണ്  'ഗൗരവം'  വർധിപ്പിക്കുന്നതെന്നും ഇയാൾ വിശദീകരിക്കുന്നു. മറ്റൊന്ന് ജീവനെടുക്കുന്നതിന് ചങ്കൂറ്റമുള്ളവൻ എന്ന ഖ്യാതി കിട്ടുന്നത് ക്വട്ടേഷൻ കൂടുതലായി കൈവരാൻ സഹായിക്കുകയും ചെയ്യുമത്രേ.
   വാടകവീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഒരു ജിംനേഷ്യത്തിന്റെ ഭാവഹാവാദികൾ കാണാൻ കഴിയും ഇവിടെ. വർക്ക്‌ ഔട്ടുകൾ ചെയ്യാനുള്ള എല്ലാ ഉപകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള സാധനങ്ങൾ നിരവധിയാണ്, 3000 രൂപ വിലവരുന്ന ജീൻസുകൾ 20 തിലധികമാണുള്ളത്. 

ഇഷ്ടം പോലെ മുന്തിയ ഇനം ഷൂസുകൾ, ഗ്ലൗസുകൾ എന്നിവയും സുലഭം. ആഡംബര ജീവിതം നയിക്കുന്ന ന്യൂജൻ കുറ്റവാളി, ഏറ്റവും ആകർഷകമായി വസ്ത്രം ധരിച്ചാണ് നടക്കുക. വിലകൂടിയ രണ്ട് പോഷ് ബൈക്കുകൾ പോലീസ് കണ്ടെടുത്തു. ഒന്നിന് രണ്ടര ലക്ഷം രൂപ വിലവരുന്നതാണ്.
ഒരുപാട് ആയുധങ്ങളാണ് മുറിയിൽ കൂട്ടിയിട്ടിരുന്നത്, കത്തികൾ തന്നെ പലതരമുണ്ട്. ഇപ്പോൾ താമസത്തിനു വന്നിട്ട് ഒരു മാസമേയായുള്ളൂ എന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തമിഴ്നാട്ടിൽ രണ്ടുദിവസം മുമ്പ് പോയിരുന്നെന്നും വെളിപ്പെടുത്തി. ആനപ്പാറയിലെ സ്വന്തം വീട്ടിൽ അമ്മയും സഹോദരിയും അനുജനും താമസിക്കുന്നു. അച്ഛൻ ഉപേക്ഷിച്ചുപോയതാണ്, കൊല്ലത്ത് എവിടെയോ വേറെ വിവാഹം കഴിച്ചു താമസിക്കുകയാണ്. രണ്ടാനച്ഛൻ തമിഴ്നാട് സ്വദേശിയാണ്.

ഈവീട് വാടകയ്ക്ക് എടുത്തിട്ട് ഒരു വർഷമേ ആയുള്ളൂ. കൊലക്കേസിൽ പ്രതിയായിക്കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതായും, കഞ്ചാവ് കടത്തിയതിന് 2019 ൽ ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടിച്ചതായും, ജാമ്യത്തിൽ ഇറങ്ങിയശേഷം പിടിയിലായിട്ടില്ലെന്നും വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഒരു വർഷം മുമ്പ് വരെ ലോഡ്ജുകളിൽ ആണ് താമസിച്ചതെന്നും കഞ്ചാവ് കടത്തലിൽ ഏർപ്പെട്ടുവരികയാണെന്നും ഇയാളുടെ വെളിപ്പെടുത്തലിലുണ്ട്. കസ്റ്റഡിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് ഐ അനൂപ് ചന്ദ്രൻ എന്നിവരും നടപടികളിൽ പങ്കാളികളായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.