മല്ലപ്പള്ളി :
സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെ എല്ലാ മേഖലയിലും വികസനം സാധ്യമായെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
മല്ലപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ സംസ്ഥാനത്തുടനീളം ചികിത്സയിലും അടിസ്ഥാന സൗകര്യവികസനത്തിലും വലിയ മാറ്റമുണ്ടായി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10,000 കോടി രൂപയുടെ വികസനം ആരോഗ്യ മേഖലയിലുണ്ടായി. സർക്കാർ ആശുപത്രിയിലൂടെ സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമായി. മല്ലപ്പള്ളിയുടെ ദീർഘകാല സ്വപ്നസാക്ഷാത്കാരമാണ് സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.
കുന്നന്താനം കിൻഫ്രപാർക്കിൽ 33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അധ്യക്ഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി പറഞ്ഞു. ജനക്ഷേമ നയമാണ് സർക്കാരിന്റേത്.
ആരോഗ്യ-പൊതു വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത വികസനമാണെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഫ്ബി സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ ചെലവ് 50.45 കോടി രൂപയാണ്. അടിത്തറ ഉൾപ്പെടെ ആറുനിലയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണചുമതല കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ്. തറനിരപ്പ് നിലയിൽ അത്യാഹിത വിഭാഗം, ഒന്നാം നിലയിൽ ഔട്ട്പേഷ്യന്റ് വിഭാഗം, മരുന്നുവിതരണകേന്ദ്രം, രണ്ടാം നിലയിൽ തീവ്രപരിചരണ വിഭാഗം, ലാബ്, മെഡിക്കൽ സൂപ്രണ്ടിന്റെ മുറി, മൂന്നാംനിലയിൽ ശസ്ത്രക്രിയാ മുറി, നാലാംനിലയിൽ ഡയാലിസിസ് ഹാൾ, ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗം, അഞ്ചാം നിലയിൽ പുരുഷന്മാരുടെ വാർഡ് എന്നിവയാണുള്ളത്.
അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.