കോടികളുടെ നിക്ഷേപത്തട്ടിപ്പ് : തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജുവും കുടുംബവും അറസ്റ്റില്‍

തിരുവല്ല :
നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു (രാജു ജോര്‍ജ് )വിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്‌റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലും പരാതിയുണ്ട്.

Advertisements

കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എന്‍ എം രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്‌റ്റേറ്റ്, ടെക്‌സ്റ്റയില്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറര്‍ ആയിരുന്നു. മൂന്നു മാസം മുന്‍പ് ഇദ്ദേഹത്തെ ആ പദവിയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് പറയുന്നു. കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു. കെ എം മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികള്‍ വന്നെങ്കിലും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം വ്യാപകമായിരുന്നു.

അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശമലയാളികളില്‍ നിന്നാണ് രാജുവിന്റെ നെടുമ്പറമ്പില്‍ സിന്‍ഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരുംനിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുന്‍പ് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്‌റ്റേഷനുകളില്‍ പരാതി ചെല്ലുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.

നെടുമ്പറമ്പില്‍ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വില്‍പ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചെറിയ തുകകള്‍ ഉള്ളവര്‍ പൊലീസില്‍ പരാതി നല്‍കുമ്പോള്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടക്കി നല്‍കിയിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ ആണ് എന്‍.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്. നിക്ഷേപകരില്‍ നിന്ന് വലിയ പലിശ നല്‍കി വാങ്ങിയ പണം കേരളത്തിന് അകത്തും പുറത്തുമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല തകരുകയും ചെയ്തു. ഇതാണ് എന്‍ എം രാജുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് വിവരം.

നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ട് വിവിധ ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്‌സ് വാങ്ങി എന്‍ സി എസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയില്‍ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടയ്ക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എന്‍സിഎസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍ സി എസി ന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.