ഇന്ന് ലോക ആസ്ത്മ ദിനം; അറിയാം രോഗത്തിന്റെ കാരണവും ശരിയായ ചികിത്സാ രീതിയും…

അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ്‌ ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നാണ് ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ തന്നെ.  

ആസ്ത്മ രോഗനിരക്കിൽ വൻ വർധനവാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠനങ്ങളിൽ കാണുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ അസുഖത്തിന്റെ നിരക്ക് വലിയതോതിൽ കാണപ്പെടുമ്പോൾ എസ്കിമോ വർഗ്ഗക്കാരുടെ ഇടയിൽ ഇത് തീർത്തും വിരളമാണ്. ഇന്ത്യയുടെ കാര്യമെടുത്താൽ 35 ദശലക്ഷത്തോളം ആളുകൾ ആസ്ത്മാ മൂലം കഷ്ടപ്പെടുന്നു. നമ്മുടെ ജനസംഖ്യയുടെ ഏകദേശം മൂന്നു മുതൽ അഞ്ചു ശതമാനം വരെ ആളുകൾ ആസ്ത്മ രോഗികളാണെന്നു പറയാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ നടന്നിട്ടുള്ള പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് അഞ്ചു ശതമാനത്തോളം മുതിർന്നവരിൽ ആസ്ത്മയുണ്ടെന്നും അത് സ്കൂൾ കുട്ടികളിലും കൗമാര പ്രായക്കാരിലും പത്തു ശതമാനത്തോളം വരുമെന്നുമാണ്. ജീവിത സാഹചര്യങ്ങളിലും ജനിതക ഘടനകളിലും വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള അന്തരമാണ് ആസ്ത്മ നിരക്കുകളിലെ ഈ വ്യത്യാസങ്ങൾക്കു പിന്നിലുള്ളത്.

ഗവേഷണ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തിൽ മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആചരിക്കുന്ന ആസ്ത്മ ദിനാചരണത്തിന്റെ പ്രസക്തിയും ഇതുതന്നെ. ആസ്ത്മ : അറിവ് ശക്തി പകരും (Asthma: Education enpowers ) എന്നതാണ് 2024 ലെ ആസ്ത്മ ദിന സന്ദേശം. രോഗിക്കും, ബന്ധുക്കൾക്കും ആസ്ത്മ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ സാമാന്യ ധാരണ ഉണ്ടാവേണ്ടത് രോഗ നിയന്ത്രണ കാര്യത്തിൽ അനിവാര്യമാണ്.

ഇവയൊക്കെ എല്ലാവരിലും ഒരേ പോലെ പ്രശ്നക്കാരാവണമെന്നില്ല. ഓരോ രോഗിയും തനിക്കു പ്രശ്‍നം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് അത്തരം ഘടകങ്ങളുടെ സാമീപ്യം കഴിവതും ഒഴിവാക്കുക എന്നതാണ് രോഗ നിയന്ത്രണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടി.

ഇൻഹേലർ എന്നത് ഒരു മരുന്നിന്റെ പേരാണ് എന്നു കരുതുന്നവരും ഒട്ടേറെയുണ്ട്. ഒട്ടനവധി മരുന്നുകൾ ഇൻഹേലർ രൂപത്തിൽ നൽകാനാവും എന്നതാണ് വസ്തുത. ശ്വാസനാളികളിലേക്കു വിവിധ ഇനം മരുന്നുകൾ എത്തിക്കാനുള്ള ഒരു ഉപാധി  മാത്രമാണ് ഇൻഹേലറുകൾ. ചെറിയ കുട്ടികൾക്കും ഗർഭിണികൾക്കും എന്നു വേണ്ട വയോവൃദ്ധർക്കു വരെ സുരക്ഷിതമാണ് ഇൻഹേലറുകൾ മാർഗ്ഗമുള്ള ചികിത്സ. അസുഖം തീവ്രഘട്ടത്തിലെത്തുന്നതു വരെ കാത്തിരിക്കാതെ ആദ്യഘട്ടത്തിൽ തന്നെ അതുപയോഗിച്ചു ആസ്ത്മയെ പിടിച്ചു കെട്ടുകയാണ് വേണ്ടത്. 

എന്നാൽ ഒരു കാര്യം മറക്കേണ്ട. വ്യത്യസ്ത തരം മരുന്നുകൾ വ്യത്യസ്ത ശ്വാസകോശ രോഗങ്ങൾക്കായി വിവിധ ഇൻഹേലർ ഉപകരണങ്ങൾ വഴി നമുക്ക് ലഭ്യമാണ്. ഏതൊക്കെ മരുന്നുകൾ എത്ര അളവിൽ ഏതിനം ഇൻഹേലർ ഉപയോഗിച്ച് നൽകണം എന്നതൊക്കെ വിശദമായ പരിശോധനക്കു ശേഷമേ തീരുമാനിക്കാനാകൂ. അതുകൊണ്ടു തന്നെ സ്വയം ചികിത്സ പ്രയോജനം ചെയ്യില്ല, അത് അപകടകരമായേക്കാം.

രോഗനിയന്ത്രണത്തിലെ വെല്ലുവിളികൾ

ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ഇൻഹേലർ പേടി അതിലൊന്നു മാത്രം. ഈ രോഗം വൈവാഹിക ജീവിതത്തെയും ലൈംഗികതയേയും ബാധിക്കുമെന്ന് കരുതുന്നവരും കുറവല്ല. ഭക്ഷണ പഥ്യങ്ങൾ, രോഗം പകരുമോ, ലക്ഷണങ്ങൾ മാറുമ്പോൾ മരുന്നുകൾ നിർത്തിക്കൂടെ, വാവിന് അസുഖം അധികരിക്കുമോ തുടങ്ങി ഒട്ടനവധി സംശയങ്ങളും സ്വയം രൂപപ്പെടുത്തിയുണ്ടാക്കിയ ധാരണകളും വെച്ചു പുലർത്തുന്നവർ ഒരുപാടണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചികിൽസിക്കുന്ന ഡോക്ടറോട് വിശദമായി ചർച്ച ചെയ്യുക, സംശയനിവൃത്തി വരുത്തുക, ശരിയായ ചികിത്സ തേടുക.

ഓർക്കുക. ഓരോ ശ്വാസവും വിലപ്പെട്ടതാണ്. കലാ കായിക സാംസ്ക്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ ആസ്ത്മ ബാധിതരായിരുന്നു എന്ന് ചരിത്രം പറയുന്നു. നിരവധി ലോക നേതാക്കൾക്കും ആസ്ത്മ ഉണ്ടായിരുന്നു എന്നതും ചരിത്രം. ജീവിത വിജയത്തിന് ആസ്ത്മ അവർക്കാർക്കും തടസ്സമായില്ല. വർഗ്ഗ വർണ ലിംഗ ഭേദമന്യേ ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന ഒന്നാണീ രോഗാവസ്ഥ. എന്നാൽ ശരിയായ ചികിത്സ ശരിയായ രീതിൽ ശരിയായ സമയത്തു സ്വീകരിച്ചാൽ ആസ്ത്മ നമ്മുടെ ജീവിത യാത്രയെ ബാധിക്കാനേ പോകുന്നില്ല, തീർച്ച.

Hot Topics

Related Articles