പത്തനംതിട്ട : ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ ബ്രില്ലി മാത്യു (40)വാണ് അറസ്റ്റിലായത്.
കുളനട ഇന്ത്യൻ ഓയിൽ പമ്പിന്റെ മുന്നിൽ വെച്ച് തിരുവല്ല ഭാഗത്തുനിന്നും ബസിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയിൽ നിന്നും 36.55 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. 8 ചെറിയ സിറിഞ്ചുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ഇയാളെ ഡാൻസാഫ് സംഘവും പന്തളം പൊലീസും പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കൈവശമുണ്ടായിരുന്ന ബാഗിന്റെ അറയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി രാസലഹരി സംസ്ഥാനത്തിനു പുറത്തുനിന്നും എത്തിക്കുന്നതായി സംശയിച്ചതിനെ തുടർന്ന് ഇയാൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവിൽ നിന്നും എത്തിച്ച എംഡി എം എ ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തിൽ വെളിവായി. ഇയാൾക്ക് ഇത് ആരു നൽകി എന്നും കൂടുതൽ പ്രതികളുണ്ടോ എന്നും തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന്, അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം, പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ മേനോട്ടത്തിലാണ് സംയുക്ത പരിശോധന നടന്നത്. പന്തളം പൊലീസ് സ്റ്റേഷനിലെ എസ് ഐ സി വി വിനോദ് കുമാർ, സി പി ഓമാരായ നിയാസ്, അർച്ചിത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പന്തളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.