പത്തനംതിട്ട: കുഴിക്കാലയിൽ ഗർഭിണിയായ യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാല കുറുന്താർ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. വയറ്റിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ജോതിഷിന്റെ ഭാര്യ അനിത ജൂണ് 28നാണ് മരിച്ചത്. 9 മാസം ഗർഭിണിയായിരുന്ന അനിതയുടെ വയറ്റിൽ അണുബാധയുണ്ടായതും ഗർഭസ്ഥ ശിശു മരിച്ചതും സംശയങ്ങൾക്കിടയാക്കിയിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭ്രൂണഹത്യ നടത്തുന്നതിനായി ജോതിഷ് ചില ദ്രാവകങ്ങൾ ഭാര്യക്ക് നൽകിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് യുവതിക്ക് വയറ്റിൽ അണുബാധയുണ്ടായതെന്നും ഗർഭിണിയാണന്ന വിവരം മറച്ച് വയ്ക്കാൻ അനിതയെ ജോതിഷ് നിർബന്ധിച്ചിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. അനിതയുടെ വായിൽ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പരാതി ഉന്നയിച്ചു.