തിരുവല്ല : മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനായി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ വീണ്ടും ചുമതലപ്പെടുത്തി. നിരണം ഭദ്രാസനാധിപനായി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി കൊണ്ടുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ എൻആർഎം 11/2025 നമ്പർ കൽപ്പന ഇന്ന് വിശുദ്ധ കുർബ്ബാനാന്തരം പള്ളികളിൽ വായിച്ചു.
നിരണം ഭദ്രാസന കൗൺസിലിൻ്റേയും, വൈദിക സംഘത്തിൻ്റേയും, ഭദ്രാസനത്തിൽ നിന്നുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും, വിശ്വാസി സമൂഹത്തിന്റെയും ആവശ്യവും, ആഗ്രഹവും, ആശങ്കയും, അപേക്ഷയും പരിഗണിച്ചാണ് നിരണം ഭദ്രാസനത്തിന്റെ ചുമതല വീണ്ടും അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായ്ക്ക് നൽകുന്നതെന്ന് ശ്രേഷ്ഠ ബാവ കൽപ്പനയിൽ പറഞ്ഞു. ഭദ്രാസനത്തിന് സ്ഥിരം ക്രമീകരണം ഉണ്ടാകുന്നതുവരെ ഭദ്രാസനത്തിൻ്റേയും, സ്ഥാപനങ്ങളുടേയും ഭരണനിർവ്വഹണം വഹിക്കുമെന്നും തന്റെ കൽപ്പനയിലൂടെ ശ്രേഷ്ഠ ബാവ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രേഷ്ഠ ബാവയുടെ കൽപ്പന പ്രകാരം 2025 ജൂൺ 6 മുതലാണ് വീണ്ടും, അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്താ നിരണം ഭദ്രാസനത്തിന്റെ ചുമതല ഏൽക്കുന്നത്. 60-ാം വയസ്സിൽ ഭരണ ചുമതലകളിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. അഭിവന്ദ്യ ഗീവർഗീസ് മോർ ബർണബാസ് മെത്രാപ്പോലീത്താ, സഹായ മെത്രാപ്പോലീത്തയായി തൽസ്ഥാനത്ത് തുടരുന്നതാണെന്നും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ കല്പനയിൽ പറയുന്നു.