ശബരിമല തീര്‍ഥാടനം : നവംബര്‍ 10ന് മുന്‍പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട :
ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായി നവംബര്‍ 10നു മുന്‍പ് വിവിധ നിര്‍മ്മാണ, അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തീര്‍ത്ഥാടനത്തിന് പൂര്‍ണ്ണ സജ്ജമാക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവംബര്‍ 10ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇത് സംബംന്ധിച്ച പരിശോധന നടത്തും. 2023-24 കാലയളവിലെ ശബരിമല തീര്‍ഥാടനത്തിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

സുരക്ഷിതമായ തീര്‍ഥാടന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ വിപുലമായി ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച ദര്‍ശനാനുഭവം ഉറപ്പാക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തീര്‍ഥാടകരില്‍ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി തുടരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരമൊരുക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ഇലവുങ്കല്‍ ആസ്ഥാനമാക്കി സേഫ് സോണ്‍ പദ്ധതി നടപ്പാക്കും. പോലീസ് വകുപ്പും ഫയര്‍ ഫോഴ്‌സും ആറ് ഘട്ടങ്ങളിലായി സേനയെ വിന്യസിക്കും. ഫയര്‍ ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂബാ ഡൈവിംഗ് ടീമിന്റെ സേവനം ഉറപ്പാക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും. തീര്‍ഥാടകരുടെ തിരക്ക് അനുസരിച്ച് മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിക്കുന്നത്.

സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പമ്പ, എരുമേലി, പന്തളം എന്നീ ഡിപ്പോകളിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തും. തീര്‍ഥാടന കാലയളവിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും വിലവിവരപ്പട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ഭക്ഷ്യവിഷബാധ തടയാനും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തുകയും ചെയ്യും. വനം വകുപ്പിന്റെ കീഴില്‍ പമ്പ-ശബരിമല ഓഫ്-റോഡ് ആംബുലന്‍സ് തീര്‍ഥാടകര്‍ക്കായി സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തുമെന്നും ഇടത്താവളങ്ങളില്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം മെഡിക്കല്‍ യൂണിറ്റിനെ നിയോഗിക്കുമെന്നും യോഗത്തില്‍ പറഞ്ഞു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌നേക്ക്, എലിഫന്റ് സ്‌ക്വാഡുകള്‍ സജ്ജമാക്കും. ആന്റി വെനം ലഭ്യത ഉറപ്പു വരുത്തും. കാട്ടുപന്നികളുടെ ആക്രമണം തടയാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി നിലവില്‍ 68 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുപോയി തുറന്ന് വിട്ടിട്ടുണ്ട്. വനപാതകളിലും അപകട സാധ്യത ഏറിയ മേഖലകളിലും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് കവറേജ് ഉറപ്പ് വരുത്തുമെന്നും യോഗത്തില്‍ തീരുമാനമായി.

ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി.അജിത്ത്, എഡിഎം ബി രാധാകൃഷ്ണന്‍, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പന്തളം കൊട്ടാരം പ്രതിനിധി, വകുപ്പ് തല ഉദ്യോഗസ്ഥര്‍, അഖിലകേരള അയ്യപ്പ സേവാസമാജം പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.