താല്കാലികമായി നിർമ്മിച്ച പാലവും റോഡും വെള്ളത്തിൽ മുങ്ങി ; വയോധികൻ്റെ മൃതദേഹം പുറത്ത് എത്തിച്ചത് ബുദ്ധിമുട്ടി

തിരുവല്ല :
മഴയെ തുടർന്ന് തിരുവല്ല വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിൽ മുങ്ങിയതോടെ മരണപ്പെട്ട 80 കാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന് ഏറെ ബുദ്ധിമുട്ടി കരയ്ക്ക് എത്തിച്ചു. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസ് ( 80) ൻ്റെ മൃതദേഹമാണ് വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ – ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തി കടന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് സംസ്കാര ചടങ്ങനായി കരയ്ക്ക് എത്തിച്ചത്.

Advertisements

വ്യാഴാഴ്ച ഉച്ചയോടെയാണ് പാടശേഖരത്തിന് മധ്യത്തിലെ തുരുത്തിൽ മകനും കുടുംബത്തോടും ഒപ്പം താമസിച്ചിരുന്ന ജോസഫ് മർക്കോസ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്ന് 300 മീറ്ററോളം ദൂരവും നാലടിയോളം വീതിയുള്ള റോഡ് വെള്ളത്തിന് അടിയിലായി. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമ്മിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിലായി. അന്ത്യ ശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു. 5 കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്.

വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന പ്രായാധിക്യം ഏറിയവരെ കസേരയിൽ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു.

Hot Topics

Related Articles