പുതിയ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ; ഐപിഎൽ കിരീടവുമായുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിൽ ഉത്തരമുണ്ട് ; ചരിത്രം പറയുന്നതിങ്ങനെ

ന്യൂസ് ഡെസ്ക് : ഐപിഎല്ലിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചെന്നൈയിലെ ചെപ്പോക്കില്‍ രാത്രി 7.30ന് ആരംഭിക്കുന്ന കലാശപ്പോരില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പുകോര്‍ക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇത്തവണത്തെ ഏറ്റവും മികച്ച രണ്ടു ടീമുകള്‍ മുഖാമുഖം വരുമ്ബോള്‍ വിജയികളെ പ്രവചിക്കുക അസാധ്യം തന്നെയാണ്. എന്നാല്‍ ആരാവും കപ്പുയര്‍ത്തുകയെന്നതിന്റെ നിര്‍ണായക സൂചന ലഭിച്ചു കഴിഞ്ഞുവെന്നതാണ് കൗതുകകരമായ കാര്യം. ഇതു എങ്ങനെയെന്നു നോക്കാം.

Advertisements

ഫൈനലിനു മുന്നോടിയായി കെകെആര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സും ഐപിഎല്‍ ട്രോഫിക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു. ഈ ഫോട്ടോയില്‍ തന്നെ ചാംപ്യന്‍മാരെക്കുറിച്ചുള്ള ഉത്തരമുണ്ട്. ഫോട്ടോയില്‍ ട്രോഫിയുടെ ഇടതു വശത്തായിട്ടാണ് ശ്രേയസ് നില്‍ക്കുന്നതെങ്കില്‍ വലതു ഭാഗത്തായിട്ടാണ് കമ്മിന്‍സുള്ളത്. 2019ല്‍ മുതലുള്ള ഐപിഎല്‍ നോക്കിയാല്‍ ട്രോഫിക്കു ഇടതു ഭാഗത്തു നിന്നിട്ടുള്ള ക്യാപ്റ്റനാണ് കിരീടം നേടിയിട്ടുള്ളതെന്നു കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2019ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് കൊമ്ബുകോര്‍ത്തത്. ഫൈനലിനു മുന്നോടിയായി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പപ്പോള്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയാണ് ട്രോഫിയുടെ ഇടതു ഭാഗത്തു നിന്നത്. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി വലതു വശത്തുമായിരുന്നു. ത്രില്ലിങ് ഫൈനലില്‍ സിഎസ്‌കെയെ ഒരു റണ്‍സിനു വീഴ്ത്തി മുംബൈ ചാംപ്യന്മാരാവുകയും ചെയ്തു.

2020ലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഏറ്റുമുട്ടിയത്. മുംബൈയെ രോഹിത് തന്നെ നയിച്ചപ്പോള്‍ ഡിസിയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു. അന്നു ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോള്‍ ട്രോഫിയുടെ ഇടതുഭാഗത്തു രോഹിത്തും വലതു വശത്ത് ശ്രേയസുമായിരുന്നു. വീണ്ടുമൊരിക്കല്‍ക്കൂടി കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് രോഹിത്തിനായിരുന്നു. ഫൈനലില്‍ ഡിസിയെ അഞ്ചു വിക്കറ്റിനാണ് ഹിറ്റ്മാനും സംഘവും കെട്ടുകെട്ടിച്ചത്.

2021ലെ കലാശപ്പോരാട്ടത്തില്‍ കൊമ്ബുകോര്‍ത്തത് ധോണിയുടെ സിഎസ്‌കെയും ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറുമായിരുന്നു. ട്രോഫിക്കൊപ്പം പോസ് ചെയ്തപ്പോള്‍ ധോണി ഇടതു ഭാഗത്തും മോര്‍ഗന്‍ വലതു വശത്തുമായിരുന്നു. ഇത്തവണയും പതിവു തെറ്റിയില്ല. കിരീടം നേടിയത് ധോണിയുടെ സിഎസ്‌കെ തന്നെ. കലാശപ്പോരില്‍ സിഎസ്‌കെ 27 റണ്‍സിന്റെ വിജയമാണ് ആഘോഷിച്ചത്. 2022ലെ ഫൈനലില്‍ ഹാര്‍ദിത് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമാണ് മുഖാമുഖം വന്നത്.

ഫൈനലിനു മുമ്പുള്ള ഫോട്ടോഷൂട്ടില്‍ ട്രോഫിക്കു ഇടതു വശത്തായിരുന്നു ഹാര്‍ദിക്കെങ്കില്‍ സഞ്ജു വലതുഭാഗത്തുമായിരുന്നു. ഇതോടെ ഭാഗ്യവും ജിടിക്കൊപ്പം നിന്നു. റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ട് ഹാര്‍ദിക്കിന്റെ ജിടി കപ്പില്‍ മുത്തമിടുകയും ചെയ്തു. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണിലും ഇതു തന്നെയാണ് സംഭവിച്ചത്. ഫൈനലില്‍ ഏറ്റുമുട്ടിയത് ധോണിയുടെ സിഎസ്‌കെയും ഹാര്‍ദിക്കിന്റെ ജിടിയുമാണ്. വീണ്ടുമൊരിക്കല്‍ക്കൂടി ട്രോഫിക്കു ഇടതു ഭാഗത്തു നിന്നു ഫോട്ടോയ്ക്കു പോസ് ചെയ്ത ക്യാപ്റ്റനെ തന്നെ ഭാഗ്യവും തേടിയെത്തി. ഫൈനലിനു മുന്നോടിയായി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോള്‍ ധോണി ഇടതു വശത്തും ഹാര്‍ദിക്ക് വലതു വശത്തുമായിരുന്നു. മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു കടന്ന കലാശക്കളിയില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ജിടിയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചാണ് സിഎസ്‌കെ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. അവസാന ബോളിലായിരുന്നു സിഎസ്‌കെയുടെ നാടകീയ വിജയം.

Hot Topics

Related Articles