തിരുവല്ല : മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് അയ്യപ്പന്മാർക്ക് ശബരിമലയിൽ സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തരുത് എന്ന് എൻ.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡൻ്റും
ഡയറക്ടർ ബോർഡംഗവുമായ ആർ. മോഹൻകുമാർ അഭിപ്രായപ്പെട്ടു. കവിയൂർ പടിഞ്ഞാറ്റുംചേരി കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര ഉദ്ഘാടന സമ്മേളനവും, കരയോഗ കുടുംബസംഗമവും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കേണ്ട കടമയിൽ നിന്ന് ദേവസ്വം ബോർഡിന് ഒഴിഞ്ഞു നിൽക്കാൻ പറ്റുകയില്ല. ഇതര മതവിശ്വാസികൾ പോലും വൃതാനുഷ്ഠാനത്തോടെ ദർശനത്തിന് എത്തുന്ന ശബരിമലയിൽ പരിസ്ഥിതി ശുചിത്വം മാതൃകപരമായി നടപ്പാക്കാൻ ദേവസ്വം ബോർഡ് ഉണർന്ന് പ്രവർത്തിക്കണം എന്നും ആർ. മോഹൻ കുമാർ കൂട്ടിച്ചേർത്തു.
290-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് കെ. ടി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്ര തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി. എൻ.എസ്.എസ്. എച്ച്ആർ ഡയറക്ടർ അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ. ബി.ജി.ഗോകുലൻ, താലൂക്ക് യൂണിയൻ പ്രതിനിധി എം.പി. സോമനാഥ പണിക്കർ, കരയോഗം വനിതാ സമാജം പ്രസിഡണ്ട് കെ.എസ്. സരസമ്മ, മുൻ കരയോഗം പ്രസിഡണ്ട് വി.ആർ നാരായണൻ നായർ, കരയോഗം സെക്രട്ടറി എം.എസ് ഗോപാലകൃഷ്ണൻ നായർ, വനിത സമാജം സെക്രട്ടറി ശ്രീജ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അലങ്കാര ഗോപുര അനാച്ഛാദന വിശേഷാൽ കർമ്മങ്ങൾക്ക് ക്ഷേത്ര സ്ഥാനീയൻ മൂത്തേടത്തില്ലത്ത് കൃഷ്ണരര്, ക്ഷേത്ര മേൽശാന്തി മൂത്തേടത്തില്ലത്ത് കേശവരര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.