തിരുവല്ല :
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ രണ്ടാമത്തെ ജോബ് ഫെയര്‍ ഒക്റ്റോബര്‍ 19 ശനിയാഴ്ച മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. പതിനായിരത്തിലേറേ പ്രൊഫഷണല്‍ തൊഴില്‍ അവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരിക്കുന്ന ഈ ജോബ് ഫെയറില്‍ മുപ്പത്തിനാല് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. എഞ്ചിനീയറിങ്ങ്, നേഴ്സിങ്ങ്, മാനേജ്‍മെന്റ്, പാരാമെഡിക്കല്‍, അക്കൗണ്ടന്‍സി, അദ്ധ്യാപനം തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളാണ് ഈ തൊഴിൽമേള വഴി സാധ്യമാക്കിയിട്ടുള്ളത്. DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും കുറഞ്ഞത് അപേക്ഷിക്കുകയും ചെയ്തവര്‍ക്കാണ് തൊഴിൽമേളയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ഒക്റ്റോബര്‍ 5 ന് മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടന്ന ആദ്യ തൊഴില്‍ മേളയില്‍ 198 പേര്‍ക്ക് ഇതിനോടകം ജോലി ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടം മുഖാമുഖത്തിനായി പ്രാഥമികമായി തിരഞ്ഞെടുത്ത 180 ഓളം പേര്‍ ഇതു കൂടാതെയുണ്ട്. ഒക്റ്റോബര്‍ 26 ന് മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് എസ് എം ഇ ജോബ് ഫെയര്‍, നവംബര്‍ 4 ന് ചെന്നീര്‍ക്കര ഐ റ്റി ഐ യില്‍ വെച്ച് സ്പെക്ട്രം ജോബ് ഫെയര്‍, നവംബര്‍ 8,9,10 തീയ്യതികളില്‍ മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് മെഗാ ജോബ് എക്സ്പൊ എന്നിവയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന തൊഴില്‍ മേളകള്‍.
- അന്തര്‍ദേശീയ തൊഴില്‍ അവസരങ്ങള്‍
ആസ്ട്രേലിയയിലേക്കുള്ള അസ്സിസ്റ്റന്‍റ്റ് നേഴ്സ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍, ജര്‍മനിയിലേക്ക് സ്റ്റാഫ് നേഴ്സ്, ജനറല്‍ നേഴ്സ്, കാര്‍ മെക്കാട്രോണിക്ക് ടെക്നീഷ്യന്‍, കെയര്‍ഹോം നേഴ്സ് തുടങ്ങി നിരവധി അന്തര്‍ദേശീയ തൊഴില്‍ അവസരങ്ങള്‍ തൊഴിൽ മേളയോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. NORKA, IHNA എന്നിവ വഴിയാണ് ഈ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.
ആസ്ട്രേലിയയിലേക്കുള്ള നേഴ്സുമാർക്ക് ട്രെയിനീഷിപ് വിസയാണ് ലഭിക്കുക. പഠനകാലത്ത് നേഴ്സിംഗ് അസിസ്റ്റന്റായി ജോലിയും, ഫീസും ചെലവുകളും കഴിഞ്ഞ് സമ്പാദിക്കുന്ന നിലയിലുമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ട്രെയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് NCLEX-RN സർട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് ആസ്ട്രേലിയയിൽ പൂർണ്ണ നേഴ്സായി ജോലി ചെയ്യാനും, മറ്റു രാജ്യങ്ങളിൽ പോകാനും അവസരമുണ്ട്. തൊഴിലന്വേഷകനുള്ള ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രമാണ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണമെന്നതാണ് നിബന്ധന. IELTS പാസായിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അത് നേടാനും അവസരമുണ്ട്. പ്രവൃത്തി പരിചയം കുറവാണെങ്കിലും അപേക്ഷിക്കുന്നവര്‍ക്ക്, പ്രവൃത്തി പരിചയം പൂർത്തിയാകുമ്പോൾ അന്ന് അവരെ പരിഗണിക്കും. IHNA വഴി ലഭ്യമാക്കിയിരിക്കുന്ന ആസ്ട്രേലിയായിലേക്കുള്ള നേഴ്സിങ്ങ് തൊഴിലവസരങ്ങള്‍ക്ക്, തൊഴില്‍ മേളയിലേക്ക് വരാതെ ദൂരെയിരുന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. മറ്റ് തൊഴിലവസരങ്ങള്‍ക്ക് നേരിട്ടും, ഓണ്‍ലൈനായുമുള്ള മുഖാമുഖം മാര്‍ത്തോമ്മാ കോളേജില്‍ വെച്ചാണ് നടക്കുക. - ലിങ്കിഡിന്‍ (Linkedin) തൊഴില്‍ അവസരങ്ങള്‍
പ്രൊഫഷണല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്കിങ്ങ് കമ്പനിയാണ് ലിങ്കിഡിന്‍. ലിങ്കിഡിന്റെ ഇന്ത്യയില്‍ ലഭ്യമായ 41000 ത്തിലേറെ പ്രൊഫഷണല്‍ തൊഴിലുകള്‍ക്ക് DWMS സൈറ്റ് വഴി ഇപ്പോള്‍ അപേക്ഷിക്കുന്നതിന് അവസരമുണ്ട്. എഞ്ചിനീയറിങ്ങ്, മാനേജ്‍മെന്റ്, പാരാമെഡിക്കല്‍, അക്കൗണ്ടന്‍സി തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളാണ് ലിങ്കിഡിന്‍ വഴി ലഭ്യമാക്കിയിരിക്കുന്നത്. - എഞ്ചിനീയറിങ്ങ് തൊഴില്‍ അവസരങ്ങള്‍
വിവിധ വിഭാഗങ്ങളിലേക്കുള്ള സീനിയര്‍ – ജൂനിയര്‍ എഞ്ചിനീയര്‍, എഞ്ചിനീയറിങ്ങ് ട്രെയിനീ, പ്രൊഡക്ഷന്‍ ട്രെയിനീ, മാനേജ്‍മെന്റ് ട്രെയിനീ, ഓപ്പറേഷന്‍സ് എഞ്ചിനീയര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള നിരവധി തൊഴിലവസരങ്ങളാണ് തൊഴിൽ മേളയോടൊപ്പം ലഭ്യമാക്കിയിട്ടുള്ളത്. - മറ്റ് തൊഴില്‍ അവസരങ്ങള്‍
നേഴ്സിങ്ങ്, മാനേജ്‍മെന്റ്, പാരാമെഡിക്കല്‍, അക്കൗണ്ടന്‍സി, അദ്ധ്യാപനം തുടങ്ങിയ മേഖലകളിലും നിരവധി തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്. ബിരുദം, ബുരുദാനന്തര ബിരുദം, ഡിപ്ളോമ, ഐ റ്റി ഐ, സര്‍ട്ടിഫിക്കേറ്റ് കോഴ്സ് തുടങ്ങിയ യോഗ്യതക്കാര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങളുണ്ട്. - വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി തിരഞ്ഞെടുക്കാന്‍ അവസരം
MASAI, TCS iON, Linkedin, Foundit, NAPS, Internship തുടങ്ങിയവയുടെ കരിയര്‍ ഓറിയന്റേഷനുകളും, വര്‍ക്ഷോപ്പുകളും, പ്രീ-സ്ക്രീനിങ്ങും ജോബ് ഫെയറിനോടൊപ്പം നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി തൊഴില്‍ സാദ്ധ്യതകള്‍ മനസ്സിലാക്കുന്നതിനും, അവരുടെ യോഗ്യതക്കും, അഭിരുചിക്കും അനുസരിച്ച് പരമാവധി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതു വഴി സാധിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓറിയന്റേഷന്‍ സെഷനുകളില്‍ സൗജന്യമായി പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ജോബ്സ്റ്റേഷൻ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്യുക. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699495,
കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496,
റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699499,
അടൂർ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത്‍ ഓഫീസ്സ്)- 8714699498.