തിരുവല്ല :
പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രമായുള്ള തിരുവല്ലയിലെ ആദ്യ തൊഴില്‍ മേള നാളെ (19 ശനിയാഴ്ച) മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് നടക്കും. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ തിരുവല്ലയിലെ രണ്ടാമത്തെ ജോബ് ഫെയറാണിത്. കേരളത്തിലെ ഏറ്റവും വലിയ നേഴ്സിങ്ങ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ തുടക്കം കൂടിയാവും ഈ തൊഴില്‍ മേള. ജര്‍മനിയിലേക്കും, ആസ്ട്രേലിയായിലേക്കുമായി ഏതാണ്ട് 2500 ഓളം തൊഴിലവസരങ്ങളാണ് നേഴ്സുമാര്‍ക്ക് മാത്രമായി ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.
ഇതുള്‍പ്പടെ ഇന്നലെ വരെ തൊഴില്‍ മേളയിലേക്ക് 125 തസ്തികകളിലായി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ 45 കമ്പനികള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിലേക്ക് ഓണ്‍ലൈനായും, നേരിട്ടും മുഖാമുഖം ഇന്ന് നടക്കും. ഇതു വരെ 1500 ലേറേ പേര്‍ തൊഴില്‍ മേളക്ക് അപേക്ഷിച്ചിട്ടുണ്ട്. ജോബ് ഫെയറില്‍ റെജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്ക് സ്പോട്ട് റെജിസ്ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി ഇ, ബി ടെക്, ബി ആര്‍ക്ക്, ബി ഡി എസ്, ബി ഫാം, ബി എസ് ഡബ്ള്യൂ, ബി എ, ബി എസ് സി, ബി കോം, ബി എഡ്, ബി ബി എ, എ എന്‍ എം, ജി എന്‍ എം, എം ഇ, എം ടെക്, എം ആര്‍ക്ക്, എം ഡി എസ്, എം ഫാം, എം എസ് ഡബ്ള്യൂ, എം എ, എം എസ് സി, എം കോം, എം എഡ്, എം ബി എ, എം ഫില്‍ തുടങ്ങി പ്രൊഫഷനല്‍ ബിരുദ – ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കായിട്ടാണ് ഈ തൊഴില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ആസ്ട്രേലിയയിലേക്കുള്ള അസ്സിസ്റ്റന്‍റ്റ് നേഴ്സ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍, ജര്‍മനിയിലേക്ക് സ്റ്റാഫ് നേഴ്സ്, ജനറല്‍ നേഴ്സ്, കാര്‍ മെക്കാട്രോണിക്ക് ടെക്നീഷ്യന്‍, കെയര്‍ഹോം നേഴ്സ് തുടങ്ങി നിരവധി അന്തര്‍ദേശീയ തൊഴില്‍ അവസരങ്ങള്‍ തൊഴിൽ മേളയോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. NORKA, IHNA എന്നിവ വഴിയാണ് ഈ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.
ആസ്ട്രേലിയയിലേക്കുള്ള നേഴ്സുമാർക്ക് ട്രെയിനീഷിപ് വിസയാണ് ലഭിക്കുക.
പഠനകാലത്ത് നേഴ്സിംഗ് അസിസ്റ്റന്റായി ജോലിയും, ഫീസും ചെലവുകളും കഴിഞ്ഞ് സമ്പാദിക്കുന്ന നിലയിലുമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ട്രെയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് NCLEX-RN സർട്ടിഫിക്കറ്റ് ലഭിക്കും. തുടര്‍ന്ന് ആസ്ട്രേലിയയിൽ പൂർണ്ണ നേഴ്സായി ജോലി ചെയ്യാനും, മറ്റു രാജ്യങ്ങളിൽ പോകാനും അവസരമുണ്ട്. തൊഴിലന്വേഷകനുള്ള ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രമാണ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണമെന്നതാണ് നിബന്ധന. IELTS പാസായിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അത് നേടാനും അവസരമുണ്ട്. പ്രവൃത്തി പരിചയം കുറവാണെങ്കിലും അപേക്ഷിക്കുന്നവര്‍ക്ക്, പ്രവൃത്തി പരിചയം പൂർത്തിയാകുമ്പോൾ അന്ന് അവരെ പരിഗണിക്കും.
IHNA വഴി ലഭ്യമാക്കിയിരിക്കുന്ന ആസ്ട്രേലിയായിലേക്കുള്ള നേഴ്സിങ്ങ് തൊഴിലവസരങ്ങള്‍ക്ക്, തൊഴില്‍ മേളയിലേക്ക് വരാതെ ദൂരെയിരുന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
മറ്റ് തൊഴിലവസരങ്ങള്‍ക്ക് നേരിട്ടും, ഓണ്‍ലൈനായുമുള്ള മുഖാമുഖം മാര്‍ത്തോമ്മാ കോളേജില്‍ വെച്ചാണ് നടക്കുക. കൂടാതെ ലിങ്കിഡിന്റെ (Linkedln) ഇന്ത്യയില്‍ ലഭ്യമായ 41000 ത്തിലേറെ പ്രൊഫഷണല്‍ തൊഴിലുകള്‍ക്ക് DWMS സൈറ്റ് വഴി ഇപ്പോള്‍ അപേക്ഷിക്കുന്നതിനും അവസരമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാവി തൊഴില്‍ സാദ്ധ്യതകള്‍ മനസ്സിലാക്കുന്നതിനും, അവരുടെ യോഗ്യതക്കും, അഭിരുചിക്കും അനുസരിച്ച് പരമാവധി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും ഓറിയന്റേഷന്‍ സെഷനുകള്‍ തൊഴില്‍ മേളയോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ സൗജന്യമായി പങ്കെടുക്കാം. MASAI, TCS iON, Linkedin, Foundit, NAPS, Internship തുടങ്ങിയ വിവിധ കരിയര്‍ ഗൈഡന്‍സുകള്‍, ഓറിയന്റേഷനുകള്‍, പ്രീ-സ്ക്രീനിങ്ങുകള്‍ എന്നിവ കോളേജിന്റെ മെയിന്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്കില്‍ രാവിലെ 11 മണി മുതല്‍ നടക്കും.
തൊഴിലന്വേഷകരെ കോളേജിലേക്ക് എത്തിക്കുന്നതിന് രാവിലെ 8.30 ന് തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും സൗജന്യമായി ബസ്‍ സര്‍വീസ്സ് ഉണ്ടാകും. സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. മാത്യൂ റ്റി തോമസ്, എം എല്‍ എ , മൈഗ്രേഷന്‍ കോണ്‍ക്ളേവ് രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, ചെയര്‍മാന്‍ ശ്രീ. എ പദ്മകുമാര്‍, എക്സ് എം എല്‍ എ, ശ്രീ. കെ സി രാജഗോപാല്‍, എക്സ് എം എല്‍ എ, കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ. ടി കെ മാത്യൂ വര്‍ക്കി, മാര്‍ത്തോമ്മാ കോളേജ്‍ ഗവേണിങ്ങ് കൗണ്‍സില്‍ ട്രഷറര്‍ ശ്രീ. തോമസ് കോശി, ഡോ. ജോര്‍ജ്ജ് മാത്യൂ, കുടുംബശ്രീ ഡി എം സി ശ്രീമതി അദില, ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക നേതാക്കള്‍ എന്നിവര്‍ ജോബ് ഡ്രൈവിന് നേതൃത്വം നല്‍കും.
ഒക്റ്റോബര്‍ 26 ന് മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് എസ് എം ഇ ജോബ് ഫെയര്‍, നവംബര്‍ 4 ന് ചെന്നീര്‍ക്കര ഐ റ്റി ഐ യില്‍ വെച്ച് സ്പെക്ട്രം ജോബ് ഫെയര്‍, നവംബര്‍ 8,9 തീയ്യതികളില്‍ മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് മെഗാ ജോബ് എക്സ്പൊ എന്നിവയാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന തുടര്‍ന്നുള്ള തൊഴില്‍ മേളകള്‍.