ചരിത്രം കവർന്നെടുത്ത് 2018 ; പുലിമുരുകനെ പിന്നിലാക്കി നേടിയത് മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ; ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ഇനി പഴങ്കഥ

മുവി ഡെസ്ക്ക് : മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന വിശേഷണത്തിന് ഇനി പുതിയ അവകാശി. കഴിഞ്ഞ ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കൈയാളിയിരുന്ന റെക്കോര്‍ഡ് ആണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 മറികടന്നിരിക്കുന്നത്.വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം 137 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.

വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷന്‍ 2018 മറികടന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഇത് സാധ്യമാക്കിയത്. 64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും. എന്നാല്‍ കേരള ബോക്സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് പുലിമുരുകന്‍ തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്‍റെ നേട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ കളക്ഷനില്‍ കഴിഞ്ഞ ദിവസം ലൂസിഫറിനെ മറികടന്നിരുന്ന 2018 നിലവില്‍ നാലാം സ്ഥാനത്താണ്. പുലിമുരുകനൊപ്പം ബാഹുബലി 2 (73 കോടി), കെജിഎഫ് ചാപ്റ്റര്‍ 2 (68.50 കോടി) എന്നിവയാണ് മുന്നിലുള്ള മൂന്ന് ചിത്രങ്ങള്‍. അതേസമയം ഈ വാരാന്ത്യത്തിലും കേരളത്തില്‍ മികച്ച പ്രതികരണമാണ് 2018 നേടിയത്. മൂന്നാം വാരത്തിലും വന്‍ സ്ക്രീന്‍ കൗണ്ടും ഉണ്ട്. ഈ പോക്ക് തുടര്‍ന്നാല്‍ ഏറെ വൈകാതെ കേരളത്തിലെ കളക്ഷനിലും ചിത്രം ഒന്നാമത് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Hot Topics

Related Articles