കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന പ്രോസിക്യൂഷന് നിലപാട് നിര്‍ണ്ണായകമാകും. ഇതിനിടെ , നടിയെ പൾസർ സുനി ആക്രമിക്കുന്ന ദൃശ്യങ്ങൾ കാവ്യ കണ്ടതായും സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ , ഇത് തെളിയിക്കുന്ന നിർണ്ണായക മൊഴികളോ തെളിവുകളോ ഇത് വരെ ക്രൈം ബ്രാഞ്ചിന് ശേഖരിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇത് തെളിയിക്കുന്ന തെളിവ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ക്രൈം ബ്രാഞ്ച്.
ഇതിനുള്ള തെളിവുകള്‍ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് കിട്ടിയെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരണം ഫോണിലുണ്ടായിരുന്നു.തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന് ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തല്‍. ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചു. 2018 മെയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ മൊബൈല്‍ഫോണില്‍നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടുണ്ട്.
96 നമ്പര്‍ മൊബൈല്‍ഫോണ്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവന് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇത് കാവ്യാമാധവന് ഉപയോഗിച്ചതാണെന്നതിനു തെളിവ് കിട്ടിയിട്ടുണ്ട്. വിവാഹത്തിനുമുമ്പ് കാവ്യാമാധവന് ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്നത് ഈ ഫോണാണ്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതുമായി ഇതിന് ബന്ധമുണ്ട്. കാവ്യാമാധവന്റെ അമ്മയുടെ പേരിലുള്ള ഫോണാണ് ഇതെന്നാണ് സേവനദാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായര്‍ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇത്രയും തെളിവുകള്‍ ഉണ്ടെന്ന് പറയുന്ന ക്രൈംബ്രാഞ്ച് എന്തു കൊണ്ട് കാവ്യയെ പ്രതിയാക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ എത്തിയ ശേഷം അതില്‍ നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നതായി സൂചനയുള്ള ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു ലഭിച്ചത് 2 വര്‍ഷത്തിനു ശേഷമാണ്. ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം രേഖപ്പെടുത്തിയ ഫൊറന്‍സിക് റിപ്പോര്‍ട്ട് 2020 ജനുവരി 21നാണു തയാറാക്കിയിട്ടുള്ളത്. ഈ വിവരം പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അറിയുന്നത് 2022 ഫെബ്രുവരിയിലാണ്. 2020 ജനുവരിയില്‍ തയാറാക്കിയ റിപ്പോര്‍ട്ട് എന്നാണു വിചാരണക്കോടതിയില്‍ ലഭിച്ചതെന്ന വിവരം ഇപ്പോഴും വ്യക്തമല്ല.
മെമ്മറി കാര്‍ഡ് പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധനെ പ്രോസിക്യൂഷന് സാക്ഷിയായി വിസ്തരിച്ച ഘട്ടത്തില്‍ പോലും ഇത്തരമൊരു ഫൊറന്‍സിക് റിപ്പോര്‍ട്ട് നിലവിലുള്ള വിവരം അന്വേഷണ സംഘവും പ്രോസിക്യൂഷനും അറിഞ്ഞിരുന്നില്ല. റിപ്പോര്‍ട്ട് കോടതിക്കു കൈമാറാതെ ഫൊറന്‍സിക് ലാബില്‍ പൂഴ്ത്തിയതാണോ, കോടതിയില്‍ റിപ്പോര്‍ട്ട് എത്തിയ വിവരം അന്വേഷണ സംഘത്തെ അറിയിക്കാതിരുന്നതാണോയെന്നാണു പരിശോധിക്കുന്നത്.
നടിയെ പീഡിപ്പിച്ചതിന്റെ പിറ്റേന്നു 2017 ഫെബ്രുവരി 18നാണു മുഖ്യപ്രതി എന്‍.എസ്.സുനില്‍കുമാര്‍ (പള്‍സര്‍ സുനി) സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നു കരുതുന്ന ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്കു കോപ്പി ചെയ്തിട്ടുള്ളത്. 2017 ഫെബ്രുവരി 20നു പള്‍സര്‍ സുനിയുടെ അഭിഭാഷകന് തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് അങ്കമാലി മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിച്ചു.
കോടതിയുടെ കസ്റ്റഡിയിലെത്തിയ മെമ്മറി കാര്‍ഡിലെ ഫയലുകള്‍ ആദ്യമായി തുറന്നു പരിശോധിച്ചിട്ടുള്ളത് 2018 ഡിസംബര്‍ 13നാണ്. ഇതിനു ശേഷം പല തവണ ഇതേ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാണ്. വിചാരണക്കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായത് സംബന്ധിച്ച റിപ്പോര്‍ട്ട് ഫൊറന്‍സിക് ഡയറക്ടര്‍ 2020 ജനുവരി 29-ന് വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വിവരം കഴിഞ്ഞ ഫെബ്രുവരിവരെ പ്രോസിക്യൂഷനില്‍നിന്ന് മറച്ചുവെച്ചു. തുടരന്വേഷണത്തിലാണ് ഫൊറന്‍സിക് ലാബില്‍നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് അറിയുന്നത്. ഇതിന്റെ പകര്‍പ്പ് പിടിച്ചെടുക്കുകയും ചെയ്തു.
2017 ഫെബ്രുവരി 18-ന് മെമ്മറി കാര്‍ഡിലേക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം പലതവണ ഇത് പരിശോധിച്ചിട്ടുണ്ട്. ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന അനിവാര്യമാണ്. മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്കായി വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുത്തതായി മെയ് 26 വരെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ല.
എന്നാല്‍, മെയ് 26-ന് കേസ് പരിഗണിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം മെയ് ഒന്‍പതിന് തള്ളിയതായി വിചാരണക്കോടതി അറിയിച്ചു. ഇക്കാര്യം സാധാരണ തപാലില്‍ നെടുമ്ബാശ്ശേരി എസ്.എച്ച്.ഒ.യ്ക്ക് മെയ് 17-ന് അയച്ചുകൊടുക്കുകയും ചെയ്തു.