‘ഇന്ത്യാ’ സഖ്യത്തിന് വീണ്ടും തിരിച്ചടി; പഞ്ചാബിലെ മുഴുവൻ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ‘ഇന്ത്യ’ സഖ്യത്തിന് വീണ്ടും തിരിച്ചടി. പഞ്ചാബിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും തങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യാ സഖ്യരൂപീകരണം മുതല്‍ തന്നെ എഎപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ആം ആദ്മി പാർട്ടി അധികാരത്തിലുള്ള ഡല്‍ഹിയിലേയും പഞ്ചാബിലേയും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന് സഖ്യത്തില്‍ താത്പര്യമില്ല.

Advertisements

നേരത്തെ പ്രാദേശിക നേതൃത്വങ്ങളുടെ എതിർപ്പുകളെ തുടർന്ന് ഡല്‍ഹി ഓർഡിനൻസ് ബില്ലില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസ് നേതൃത്വം എഎപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളില്‍ സഖ്യത്തിനുള്ളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ പുറത്തേക്കുവരുന്നത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് നേരത്തെ മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മിയും നിലപാട് വ്യക്തമാക്കുന്നത്. പഞ്ചാബിനും ബംഗാളിനും പുറമെ ഉത്തർ പ്രദേശിലും തർക്കം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച്‌ ജയന്ത് ചൗധരിയുടെ ആർ.എല്‍.ഡി. ബി.ജെ.പിയുമായി കൈകോർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ബിഹാറില്‍ ജെ.ഡി.യുവിനെ എൻ.ഡി.എയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പിയുടെ ഈ നീക്കം.

Hot Topics

Related Articles